Flash News

ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത മോദിയെ ഇന്ധന ചലഞ്ചിന് വെല്ലുവിളിച്ച് പ്രതിപക്ഷം

ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത മോദിയെ ഇന്ധന ചലഞ്ചിന് വെല്ലുവിളിച്ച് പ്രതിപക്ഷം
X


ന്യൂഡല്‍ഹി:  ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്തിന് പിന്നാലെ പ്രധാനമന്ത്രിയെ ഫ്യൂവല്‍ (ഇന്ധന) ചലഞ്ചിന് വെല്ലുവിളിച്ച് രാഷ്ട്രീയ നേതാക്കള്‍.  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആര്‍ജെഡി നേതാവ് തേജ്വസി യാദവ് അടക്കമുള്ളവരാണ് ട്വിറ്ററിലൂടെ  ഇന്ധന വിലകുറക്കുന്നതിന് വെല്ലുവിളിച്ച് രംഗത്തെത്തിയത്. കോഹ്ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്തതുപോലെ ഫ്യൂവല്‍ ചലഞ്ച് ഏറ്റെടുക്കുമോയെന്ന്  രാഹുല്‍ ചോദിച്ചു. ഇന്ധനവില കുറയ്ക്കുക, അല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തി മോദിയെക്കൊണ്ട് കോണ്‍ഗ്രസ് അത് ചെയ്യിപ്പിക്കും. മോദിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. പ്രിയപ്പെട്ട പ്രധാനമന്ത്രി, കോഹ്‌ലിയില്‍നിന്ന് ഫിറ്റ്‌നസ് ചലഞ്ച് അംഗീകരിച്ചതു കണ്ടതില്‍ സന്തോഷം. ഇതാ എന്റെ പക്കല്‍നിന്ന് ഒരെണ്ണം. ഇന്ധനവില കുറയ്ക്കൂ. അല്ലെങ്കില്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുകയും അപ്രകാരം ചെയ്യാന്‍ നിങ്ങള്‍ നിര്‍ബന്ധിതനാവുകയും ചെയ്യുമെന്നാണ് ട്വീറ്റ് ചെയ്തത്.

ആര്‍ ജെ ഡി നേതാവായ തേജസ്വി യാദവും ശക്തമായ ഭാഷയിലാണ് മോദിക്ക് ചാലഞ്ചുമായി രംഗത്തെത്തിയത്. കോഹ്‌ലിയില്‍നിന്ന് ഫിറ്റ്‌നസ് ചലഞ്ച് വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ ഞങ്ങള്‍ക്ക് വിരോധമില്ല. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനും കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനും ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ അക്രമങ്ങള്‍ ഉണ്ടാവുകയില്ലെന്ന് ഉറപ്പുനല്‍കുന്നതുമായ ചലഞ്ച് ഏറ്റെടുക്കാനാണ്  താങ്കളോട് ആവശ്യപ്പെടുന്നത്. നരേന്ദ്ര മോദി സര്‍ താങ്കള്‍ എന്റെ വെല്ലുവിളി സ്വീകരിക്കുമോ? തേജസ്വി മോദിയോട് ട്വിറ്ററില്‍ കുറിച്ചു. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിംഗ് സുര്‍ജെവാലയും മോദിക്ക് ചലഞ്ചുമായി എത്തിയിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുക, വാഗ്ദാനം ചെയ്തതു പോലെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക, കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കുക, കള്ളപ്പണം തിരികെ കൊണ്ടുവരിക തുടങ്ങിയ ചലഞ്ചുകള്‍ ഏറ്റെടുക്കാനും സുര്‍ജെവാല ആവശ്യപ്പെടുന്നുണ്ട്. ഇതോടെ ട്വിറ്ററില്‍  മോദിക്ക് ചാലഞ്ചുമായി യുവാക്കള്‍ ട്വിറ്ററില്‍ ക്യാമ്പയിന്‍  ആരംഭിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവുണ്ടായി. പെട്രോളിനു 31 പൈസയും ഡീസലിനു 21 പൈസയുമാണ് ഇന്നലെ കൂടിയത്. തിരുവനന്തപുരത്തു പെട്രോളിനു 81.67 രൂപയും ഡീസലിന് 74.41 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 80.20 രൂപയും ഡീസലിന് 72.95 രൂപയുമാണ്. ഈ സാമ്പത്തിക വര്‍ഷം പെട്രോളിന് കൂടിയത് മൂന്ന് രൂപ 42 പൈസയണ്. ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതിനാല്‍ ക്രൂഡോയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധനവിലവര്‍ധനയ്ക്ക് കാരണം.വില വര്‍ധന പിടിച്ചുനിര്‍ത്താന്‍ കേന്ദ്രപെട്രോളിയം മന്ത്രി എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇന്നലെയും നടന്നില്ല. ദീര്‍ഘകാല പരിഹാരത്തിനാണു ശ്രമമെന്ന വിശദീകരണമാണു സര്‍ക്കാര്‍ നല്‍കുന്നത്.
Next Story

RELATED STORIES

Share it