Flash News

ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് : ചിലിയും ജര്‍മനിയും നേര്‍ക്കുനേര്‍



കസന്‍: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഇന്ന് തീപ്പൊരി പോരാട്ടം. കരുത്തരായ ജര്‍മനിയും ചിലിയും നേര്‍ക്കുനേര്‍ പോരടിക്കുമ്പോള്‍ മറ്റൊരു മല്‍സരത്തില്‍ കാമറൂണും ആസ്‌ത്രേലിയയും തമ്മില്‍ ശക്തി പരീക്ഷിക്കും. ആദ്യ മല്‍സരത്തില്‍ ആസ്‌ത്രേലിയയോട് കടുത്ത പോരാട്ടത്തിനൊടുവില്‍ 3-2 ന് വിജയിച്ച ജര്‍മനിക്ക് ചിലിയെ വീഴ്ത്തുക അത്ര എളുപ്പമാവില്ല. എന്നാല്‍ കാമറൂണിനെ എതിരില്ലാതെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ചിലി ജര്‍മനിക്കെതിരേ ബൂട്ട് കെട്ടുന്നത്.
ജര്‍മനിക്ക് അഗ്നിപരീക്ഷ
ഗ്രൂപ്പ് ബിയില്‍ ചിലിയുമായുള്ള പോരാട്ടം ജര്‍മനിക്ക് അഗ്നിപരീക്ഷ തന്നെയാണ്. ആദ്യ മല്‍സരത്തില്‍ താരതമ്യേന ദുര്‍ബലരായ ആസ്‌ത്രേലിയയോട് നന്നായി വിറച്ചാണ് ജര്‍മനി വിജയം നേടിയത്. നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മന്‍ ടീമില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാണ് പരിശീലകന്‍ ജോക്കിം ലോ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ടീമിനെ ഇറക്കിയിരിക്കുന്നത്. ജൂലിയന്‍ ഡ്രാക്‌സലറാണ് ജര്‍മനിയുടെ നായകന്‍. കോഡ്രാന്‍ മുസ്താഫി, ജോഷ്വാ കിമ്മിച്ച് എന്നിവരുടെ പരിചയ സമ്പന്നതയ്‌ക്കൊപ്പം ടിമോ വെര്‍ണര്‍, സാന്‍ഡ്രോ വാഗ്നര്‍, ജൂലിയന്‍ ബ്രാന്‍ഡ് തുടങ്ങിയ താരങ്ങളും ജര്‍മനിക്ക് പ്രതീക്ഷ നല്‍കുന്നു. ആസ്‌ത്രേലിയക്കെതിരെ സ്റ്റിന്‍ഡില്‍, ഡ്രാക്‌സ്‌ലര്‍, ഗോര്‍ട്‌സ്‌ക എന്നിവരാണ് ഗോള്‍ നേടിയത്. ഇവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജര്‍മനിയുടെ വിജയ സാധ്യതകള്‍.അതേ സമയം ആഫ്രിക്കന്‍ ചാംപ്യന്‍മാരായ കാമറൂണിനെ എതിരില്ലാത്ത രണ്ട് ഗോളിന് മുക്കിയാണ് ചിലി വിജയം നേടിയത്. സൂപ്പര്‍ താരം വിദാലും വര്‍ഗാസുമാണ് കാമറൂണിനെതിരേ വിജയ ഗോള്‍ നേടിയത്. ആദ്യ മല്‍സരത്തില്‍ കളിക്കാതിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍കീപ്പറായ ക്ലോഡിയോ ബ്രാവോ ചിലിക്ക്് വേണ്ടി ഇന്ന് കളിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.
കാമറൂണിനും ആസ്‌ത്രേലിയക്കും ജയിക്കണം
ആദ്യ മല്‍സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ ഇരു ടീമുകള്‍ക്കും ഇന്നത്തെ മല്‍സരത്തില്‍ ജയം അനിവാര്യമാണ്. കാമറൂണിനെ ചിലിയും ആസ്‌ത്രേലിയയെ ജര്‍മനിയുമാണ് പരാജയപ്പെടുത്തിയത്. ഗ്രൂപ്പില്‍ അക്കൗണ്ട് തുറക്കാന്‍ ഇന്നത്തെ മല്‍സരത്തില്‍ ഇരു ടീമുകള്‍ക്കും ജയിച്ചേ തീരു.ഹ്യൂഗോ ബ്രൂസിന്റെ പരിശീലനത്തിന് കീഴില്‍ ഇറങ്ങുന്ന കാമറൂണിന് ആദ്യ മല്‍സരത്തില്‍ നിരുപാധികം കീഴടങ്ങേണ്ടിവന്നു. നിലവിലെ ഫോമില്‍ ആസ്‌ത്രേലിയ കാമറൂണിനേക്കാള്‍ ഒരുപടി മുന്നിലാണ്. ചാംപ്യന്‍ ടീമായ ജര്‍മനിക്കെതിരേ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്്ചവച്ചതിന് ശേഷമാണ് ആസ്‌ത്രേലിയ മുട്ടുമടക്കിയത്.
Next Story

RELATED STORIES

Share it