Flash News

ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിന് നാളെ കിക്കോഫ് ; ഉദ്ഘാടന മല്‍സരം റഷ്യ x ന്യൂസിലന്‍ഡ്



സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: വന്‍കര ചാംപ്യന്‍മാരിലെ കരുത്തരെ കണ്ടെത്താന്‍ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ നാളെ ആരംഭിക്കും. ആതിഥേയരായ റഷ്യയും ന്യൂസിലന്‍ഡും തമ്മിലാണ് മല്‍സരം. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മല്‍സരങ്ങള്‍. സോണി സിക്‌സ് ചാനലില്‍ തല്‍സമയം സംപ്രേക്ഷണം ഉണ്ടാവും. ആറ് വന്‍കര ചാംപ്യന്മാര്‍ക്കൊപ്പം കഴിഞ്ഞ ലോകകപ്പ് ജേതാക്കളായ ജര്‍മനിയും ആതിഥേയ രാജ്യമായ റഷ്യയും ടൂര്‍ണമെന്റില്‍ മല്‍സരിക്കുന്നുണ്ട്. ലോക ചാംപ്യന്മാരായ ജര്‍മനിക്കൊപ്പം യൂറോപ്യന്‍ വമ്പന്മാരായ പോര്‍ച്ചുഗലും ലാറ്റിനമേരിക്കന്‍ ശക്തരായ ചിലിയും ആഫ്രിക്കന്‍ പടക്കുതിരകളായ കാമറൂണുമെല്ലാം കളിക്കളത്തിലെത്തുമ്പോള്‍ വാശിയേറും പോരാട്ടങ്ങളാവും ഇത്തവണ. 15 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ മൂന്ന് ഗ്രൂപ്പ് റൗണ്ട് പോരാട്ടങ്ങള്‍ക്കൊടുവിലാണ് നോക്കൗട്ട് റൗണ്ട് ആരംഭിക്കുന്നത്. ആതിഥേയരായ റഷ്യക്കൊപ്പം യൂറോപ്യന്‍ ചാംപ്യന്മാരായ പോര്‍ച്ചുഗല്‍, കോണ്‍കാഫില്‍ നിന്ന് മെക്‌സിക്കോ, ഓഷ്യാനയില്‍ നിന്ന് ന്യൂസിലന്‍ഡ് എന്നിവരാണ് ഗ്രൂപ്പ്് എയിലുള്ളത്. ബി ഗ്രൂപ്പില്‍ ലോക ചാംപ്യന്മാരായ ജര്‍മനി, ലാറ്റിനമേരിക്കന്‍ ജേതാക്കളായ ചിലി, ആഫ്രിക്കന്‍ കരുത്തരായ കാമറൂണ്‍, ഏഷ്യയില്‍ നിന്ന് ആസ്‌ത്രേലിയ എന്നീ ടീമുകളാണുള്ളത്. രണ്ട് ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പ് ചാംപ്യന്മാരും റണ്ണറപ്പുകളും നോക്കൗട്ട് റൗണ്ടില്‍ ഏറ്റുമുട്ടും.
Next Story

RELATED STORIES

Share it