wayanad local

ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് പ്രദര്‍ശന മല്‍സരത്തില്‍ റവന്യൂ ടീമിന് ജയം



കല്‍പ്പറ്റ: ഫിഫ അണ്ടര്‍ 17 വേള്‍ഡ്കപ്പിന്റെ പ്രചാരണാര്‍ഥം വയനാട് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പ്രദര്‍ശന ഫുട്‌ബോള്‍ മല്‍സരത്തില്‍ റവന്യൂ ടീമിന് ജയം. വയനാട് പ്രസ്‌ക്ലബ്ബിനെ ഷൂട്ടൗട്ടിലാണ് റവന്യൂ ടീം പരാജയപ്പെടുത്തിയത്. മുഴുവന്‍ സമയ കളിയില്‍ ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. തുടര്‍ന്നു നടന്ന ഷൂട്ടൗട്ടില്‍ മൂന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് റവന്യൂ ടീം ജയിച്ചുകയറിയത്. കളിയുടെ ആദ്യപകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന റവന്യൂ ടീം രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒരു ഗോള്‍ കൂടി നേടി. ആദ്യ പകുതിയില്‍ മുകേഷ് മാനന്തവാടിയും രണ്ടാം പകുതിയില്‍ സി എം അനില്‍കുമാറുമാണ് റവന്യൂ ടീമിനായി വലകുലുക്കിയത്. എന്നാല്‍, കളി വരുതിയിലെന്നു റവന്യൂ ടീം ഉറപ്പിച്ച നിമിഷത്തില്‍, മല്‍സരത്തിന്റെ അവസാന മിനിറ്റുകളില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് പ്രസ്‌ക്ലബ്ബ് തിരിച്ചുവന്നു. ജിംഷിന്‍, അനൂപ് വര്‍ഗീസ് എന്നിവരാണ് പ്രസ്‌ക്ലബ്ബിനായി ഗോളുകള്‍ നേടിയത്. ഷൂട്ടൗട്ടില്‍ പ്രസ്‌ക്ലബ്ബിന്റെ രണ്ടു കിക്കുകള്‍ പാഴായപ്പോള്‍ റവന്യൂ ടീം അഞ്ചും വലയ്ക്കുള്ളിലാക്കി. മല്‍സരം സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എസ് സുഹാസ് മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം ജെ വിജയപത്മന്‍ അധ്യക്ഷത വഹിച്ചു. എഡിഎം കെ എം രാജു, സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ എ ഷജ്‌ന, എം മധു സംസാരിച്ചു. അണ്ടര്‍ 17 ലോകകപ്പ് ടീമിന്റെ ക്യാംപില്‍ പങ്കെടുത്ത അജിന്‍ ടോം, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് രമേശ് എഴുത്തച്ഛന്‍, സെക്രട്ടറി പി ഒ ഷീജ, ഹുസൂര്‍ ശിരസ്തദാര്‍ ഇ പി മേഴ്‌സി പങ്കെടുത്തു. വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനുമുള്ള സമ്മാനങ്ങള്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം ജെ വിജയപത്മന്‍ വിതരണം ചെയ്തു. ചടങ്ങില്‍ കെ റഫീഖ്, സലീം കടവന്‍, സാജിദ് നീലിക്കണ്ടി, എ ഡി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it