Flash News

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ : വോളന്റിയര്‍മാര്‍ക്ക് ഇഷ്ടം കൊച്ചിയോട് !



കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള വേദി ഒരുക്കങ്ങളില്‍ ഏറെ പിന്നിലായെന്ന പഴി  കേള്‍ക്കേണ്ടിവന്നെങ്കിലും ലോകകപ്പിന്റെ വോളന്റിയര്‍ പ്രോഗ്രാമിനായി കൂടുതല്‍ പേരും തിരഞ്ഞെടുത്തത് കൊച്ചി. കഴിഞ്ഞ മാസം 15 വരെ ആകെ 29,358 അപേക്ഷകളാണ് വോളന്റിയര്‍ പ്രോഗ്രാമിനായി ലഭിച്ചത്. 84 രാജ്യങ്ങളില്‍ നിന്നുള്ള 18 വയസ്സു മുതല്‍ 72 വയസ്സു വരെയുള്ളവര്‍ അപേക്ഷ നല്‍കിയവരിലുണ്ട്. അപേക്ഷകരില്‍ 38.27 ശതമാനം പേരും കൊച്ചിയില്‍ സേവനം ചെയ്യാനാണ് താല്‍പര്യം പ്രകടിപ്പിച്ചത്. 16.95 ശതമാനം അപേക്ഷകര്‍ ഡല്‍ഹിയെയും  13.69 ശതമാനം പേര്‍ മുംബൈ നഗരത്തെയും വോളന്റിയര്‍ പ്രോഗ്രാമിനായി തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് (11.83 ശതമാനം). 7925 പേര്‍ ഇ-വോളന്റിയര്‍മാരാവാനാണ് താല്‍പര്യം പ്രകടിപ്പിച്ചത്. അപേക്ഷകരുടെ ആധിക്യം കാരണം രജിസ്‌ട്രേഷന്‍ നടപടികള്‍ ആറു ആഴ്ചത്തേക്ക് നിര്‍ത്തിവച്ചതായി ഫിഫ അധികൃതര്‍ അറിയിച്ചു. അണ്ടര്‍17 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് വോളന്റിയര്‍ പ്രോഗ്രാമിന് ഇത്രയും അപേക്ഷകരുണ്ടാവുന്നത്.  ആറു വേദികളിലായി നടക്കുന്ന ടൂര്‍ണമെന്റിന് 1500 വോളന്റിയര്‍മാരെയാണ് ഫിഫ തിരഞ്ഞെടുക്കുക. പ്രാദേശിക സംഘാടക സമിതിയുടെ (എല്‍ഒസി) നേതൃത്വത്തിലായിരിക്കും വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുക. അപേക്ഷകരുടെ ചുരുക്ക പട്ടിക ഉണ്ടാക്കിയ ശേഷം തിരഞ്ഞെടുക്കപ്പെട്ടവരെ അഭിമുഖത്തിന് വിളിക്കും. ഇക്കാര്യം അപേക്ഷകരെ ഇ-മെയില്‍ വഴി അറിയിക്കും. ടൂര്‍ണമെന്റിന് മുന്നോടിയായി നടക്കുന്ന ഒഫീഷ്യല്‍ ഡ്രോ, ട്രോഫി എക്‌സ്പീരിയന്‍സ്, മിഷന്‍ ഇലവന്‍ മില്യണ്‍ പ്രോഗ്രാം തുടങ്ങിയവയിലേക്കും അവശേഷിക്കുന്ന അപേക്ഷകരെ വോളന്റിയര്‍മാരായി പരിഗണിക്കും.  ഫുട്‌ബോള്‍ ടേക്‌സ് ഓവര്‍ എന്നതാണ് രാജ്യം ഇതാദ്യമായി ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടര്‍17 ലോകകപ്പിന്റെ മുദ്രാവാക്യം. ഒക്‌ടോബര്‍ ആറു മുതല്‍ 28 വരെ കൊച്ചി, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, ഗുവാഹത്തി, ഗോവ എന്നിവിടങ്ങളിലായാണ് മല്‍സരങ്ങള്‍.
Next Story

RELATED STORIES

Share it