Flash News

ഫിഫ അണ്ടര്‍ 17 ലോകകപ്പിന് കൊച്ചി ഒരുങ്ങി



തിരുവനന്തപുരം: ഒക്‌ടോബറില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ വേദിയായ കൊച്ചിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. സ്റ്റേഡിയത്തിന്റെ ബാഹ്യമായ സൗന്ദര്യവല്‍ക്കരണം, സിവില്‍ പ്രവൃത്തികള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. മന്ത്രിമാരായ എ സി മൊയ്തീന്‍, ഡോ. ടി എം തോമസ് ഐസക്, ജി സുധാകരന്‍, കെ ടി ജലീല്‍, കായിക വകുപ്പ് സെക്രട്ടറി ഡോ. ബി അശോക്, ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, എറണാകുളം സബ് കലക്ടര്‍ ഡോ. അദീല അബ്ദുല്ല, ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍, സെക്രട്ടറി എം സി ജോസഫ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ പങ്കെടുത്തു. എട്ടു മല്‍സരമാണ് കൊച്ചിയില്‍ നടക്കുന്നത്. ഒക്‌ടോബര്‍ 7, 10, 12 തിയ്യതികളില്‍ രണ്ടു മല്‍സരം വീതവും 18ന് ഒരു മല്‍സരവും 22ന് ക്വാര്‍ട്ടര്‍ ഫൈനലുമാണ് തീരുമാനിച്ചിരിക്കുന്നത്. മഹാരാജാസ് കോളജ് ഗ്രൗണ്ട്, പനമ്പള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ട്, ഫോര്‍ട്ട് കൊച്ചി ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട് എന്നീ നാലു പരിശീലന വേദികള്‍ ഫിഫയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. സംസ്ഥാന സര്‍ക്കാര്‍, ജിസിഡിഎ, കൊച്ചി കോര്‍പറേഷന്‍, ജില്ലാ ഭരണസംവിധാനം എന്നിവയുടെ നേതൃത്വത്തില്‍ മല്‍സര വേദികള്‍, പരിശീലന വേദികള്‍ എന്നിവയുടെ സിവില്‍, വൈദ്യുതി, പരിശീലന സംവിധാനങ്ങളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. ജൂണ്‍ അവസാനത്തോടെ വേദിയും അനുബന്ധ വേദികളും പൂര്‍ണമായും സജ്ജമാവും. റോഡുകളുടെ അറ്റകുറ്റപ്പണികള്‍, തെരുവുവിളക്കുകളുടെ പ്രവര്‍ത്തനവും ഗുണനിലവാരവും, നഗരശുചിത്വം, മാലിന്യനിര്‍മാര്‍ജനം, ഗതാഗതക്കുരുക്ക് ഒഴിവാക്കല്‍ എന്നീ കാര്യങ്ങളില്‍ ആവശ്യമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it