Flash News

ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ്: ഇന്ത്യയില്‍ പന്ത് തട്ടാന്‍ നിലവിലെചാംപ്യന്‍മാരില്ല



ന്യൂഡല്‍ഹി: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ത്യയില്‍ അരങ്ങുണരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചാംപ്യന്‍ഷിപ്പിന്റെ മാറ്റ് കുറക്കുന്നത് ചില ചാംപ്യന്‍ ടീമുകളുടെ അഭാവമാണ്. അതില്‍ പ്രധാനം നിലവിലെ ചാംപ്യന്‍മാരായ നൈജീരയക്ക് യോഗ്യത ലഭിക്കാത്തതാണ്. 1985 ല്‍ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് തുടക്കം കുറിച്ചത് മുതല്‍ സജീവ സാന്നിധ്യമായിരുന്ന നൈജീരിയ അഞ്ച് തവണ കപ്പിലും മുത്തമിട്ടു. 2013ലെ ലോകകപ്പില്‍ മെക്‌സിക്കോയെ 3-0ന് തോല്‍പ്പിച്ച് കിരീടം നേടിയ നൈജീരിയ 2015 ലോകകപ്പില്‍ മാലിയെ 2-0നും മുട്ടുകുത്തിച്ച് കിരീടം ഉയര്‍ത്തി. ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷന്‍സില്‍ പ്രായ പരിധിയില്‍ ഉണ്ടായ പ്രശ്‌നം മൂലമാണ് നൈജീരിയക്ക് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ യോഗ്യത ലഭിക്കാതെ പോയത്. നൈജീരിയ അണ്ടര്‍ 17 ഫുട്‌ബോള്‍ ടീമിലെ 26 താരങ്ങളില്‍ രണ്ട് താരങ്ങള്‍ മാത്രമാണ് 17 വയസില്‍ താഴെയുള്ളത്. ഇത്തവണ ഫിഫ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ നൈജീരിയയുടെ ഇത്തവണത്തെ ലോകകപ്പ് മോഹങ്ങള്‍ അവസാനിക്കുകയായിരുന്നു. സീനിയര്‍ ടീം മല്‍സരങ്ങളില്‍ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ടീം നിറ സാന്നിധ്യമാണെങ്കിലും അണ്ടര്‍ 17 ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് യോഗ്യത നേടാനായില്ല. ദക്ഷിണ അമേരിക്കന്‍ യോഗ്യതാ മല്‍സരത്തില്‍ ആദ്യ നാലില്‍ ഇടം കണ്ടെത്തിയവര്‍ക്കാണ് ലോകകപ്പിന് യോഗ്യത ലഭിക്കുക. എന്നാല്‍ മോശം ഫോമിനെത്തുടര്‍ന്ന് ആദ്യ നാലില്‍ ഇടം കണ്ടെത്താന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചില്ല. 2013 അണ്ടര്‍ 17 ലോകകപ്പില്‍ നാലാം സ്ഥാനക്കാരായിരുന്നു അര്‍ജന്റീന.സീനിയര്‍ ടീമുകളില്‍ സജീവ സാന്നിധ്യമായ പോര്‍ച്ചുഗല്‍, ഇറ്റലി, നെതര്‍ലന്‍ഡ്‌സ് എന്നിവര്‍ക്കും അണ്ടര്‍ 17 ലോകകപ്പിന് യോഗ്യത സ്വന്തമാക്കാനായില്ല. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെപ്പോലുള്ള സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന പോര്‍ച്ചുഗല്ലിന്റെ സീനിയര്‍ ടീമിന്റെ പേരിന് കളങ്കം സൃഷ്ടിക്കുന്ന പ്രകടനമാണ് ജൂനിയര്‍ നിര പുറത്തെടുക്കുന്നത്. 2003 അണ്ടര്‍ 17 ലോകകപ്പിലാണ് പോര്‍ച്ചുഗല്ലിന് അവസാനമായി യോഗ്യത ലഭിച്ചത്. മൂന്ന് തവണ മാത്രം അണ്ടര്‍ 17 ലോകകപ്പില്‍ പന്ത് തട്ടിയ പോര്‍ച്ചുഗല്‍ സെമി കണ്ടത് ഒരു തവണ മാത്രം (1989ല്‍). കരുത്തന്‍മാരായ ഇറ്റലിയുടെ അണ്ടര്‍ 17 ടീമിന്റെ പ്രകടനവും നിരാശാജനകമാണ്. 2015 ലോകകപ്പില്‍ യോഗ്യതാ നേടാന്‍ കഴിയാതിരുന്ന ഇറ്റലിക്ക് ഇത്തവണ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിലും പന്ത് തട്ടാന്‍ യോഗ്യത ലഭിച്ചില്ല. 2005 ലോകകപ്പില്‍ മൂന്നാം സ്ഥാനം ലഭിച്ചതാണ് ഇറ്റലിയുടെ മികച്ച പ്രകടനം.
Next Story

RELATED STORIES

Share it