Flash News

ഫിഫ അണ്ടര്‍ 17 : ടീമുകള്‍ കടുത്ത പരിശീലനത്തില്‍



നിഖില്‍  എസ്  ബാലകൃഷ്ണന്‍

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ വിസില്‍ മുഴങ്ങാന്‍ രണ്ട് ദിവസം ശേഷിക്കെ ടീമുകള്‍ കഠിന പരിശീലനത്തില്‍. ഡി ഗ്രൂപ്പില്‍ കൊച്ചിയില്‍ പന്തു തട്ടുന്ന നാല് ടീമുകളും ഇന്നലെ വിവിധ പരിശീലന മൈതാനങ്ങളിലെത്തി പരിശീലനത്തില്‍ ഏര്‍പ്പെട്ടു. രാവിലെ മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് സ്‌പെയിന്‍ ടീം പരിശീലനത്തിനെത്തിയത്. തുടര്‍ന്ന് പനമ്പള്ളിനഗര്‍ സ്‌പോര്‍ട്സ് സ്‌കൂള്‍ മൈതാനത്ത് ബ്രസീലും മഹാരാജാസ് കോളജില്‍ വൈകുന്നേരം ഉത്തര കൊറിയയും ഫോര്‍ട്ട് കൊച്ചി മൈതാനത്ത് നൈജറും പരിശീലനത്തില്‍ ഏര്‍പ്പെട്ടു. മൂന്നുവട്ടം കൗമാര കിരീടം ഫൈനലില്‍ കൈവിട്ട സ്‌പെയിന്‍ ഇക്കുറി രണ്ടും കല്‍പ്പിച്ചാണ്. സാന്റിയാഗോ ഡെനിയ സാഞ്ചേസിന്റെ ശിക്ഷണത്തില്‍ കഠിന പരിശീലന മുറകളാണ് സ്‌പെയിന്‍ പയറ്റുന്നത്. ലോക ഫുട്‌ബോളിലെ വന്‍ ശക്തികളായ ബാഴ്‌സ, റയല്‍ തട്ടകത്തില്‍ നിന്ന് ഒമ്പത് കൗമാര താരങ്ങളാണ് സ്പാനിഷ് ടീമില്‍ ഇടംപിടിച്ചത്. നിലവില്‍ അണ്ടര്‍ 17 യൂറോ കിരീടം നേടിയ ആത്മവിശ്വാസത്തിലാണ് ടീം കൊച്ചിയിലെത്തിയത്. ശനിയാഴ്ച കരുത്തരായ ബ്രസീലിനെ മുട്ടുകുത്തിച്ച് ആത്മവിശ്വാസത്തോടെ തുടങ്ങാനാണ് സ്‌പെയിനിന്റെ ശ്രമം. എന്നാല്‍ ചില പ്രമുഖ താരങ്ങളുടെ പരിക്ക് ടീമിനെ വലയ്ക്കുന്നുണ്ടെങ്കിലും കൂട്ടായ പരിശ്രമത്തിലൂടെ അവയെ മറികടക്കുവാനാണ് ടീം ഉദ്ദേശിക്കുന്നത്. മിന്നും താരം ആബേല്‍ റൂയിസ് പരിക്കിന്റെ പിടിയിലാണെന്നും റിപോര്‍ട്ടുകളുണ്ട് . വൈകീട്ട് അഞ്ചിനാണ് ബ്രസീല്‍ ടീം പരിശീലനത്തിനിറങ്ങിയത്. പനമ്പിള്ളി നഗര്‍ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു പരിശീലനം. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ഇന്നലെ വൈകിട്ട് 4.30ഓടെ ഉത്തര കൊറിയന്‍ ടീം മഹാരാജാസ് ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങി. പട്ടാള ചിട്ടയില്‍ ആദ്യം താരങ്ങളുടെ പരേഡ്. പരിശീലകന്‍ യുന്‍ ജോങ് സു നല്‍കിയ നിര്‍ദേശങ്ങള്‍ സശ്രദ്ധം കേട്ടു. പരേഡ് അവസാനിച്ചശേഷം ടീം അംഗങ്ങള്‍ പ്രതിജ്ഞ ചൊല്ലി ആര്‍പ്പുവിളിച്ച് മൈതാന നടുവിലേക്ക്. അധികസമയം പന്തു കൈവശം വയ്ക്കാതെ പാസിങ് പരിശീലനമായി പിന്നീട്. രാത്രി വൈകിയാണ് ടീമുകള്‍ പരിശീലനം അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it