Flash News

ഫിന്‍സ്ബറി പാര്‍ക്ക് മസ്ജിദ് ആക്രമണം : പ്രതിക്കെതിരേ തീവ്രവാദക്കുറ്റം ചുമത്തി



ലണ്ടന്‍: ലണ്ടനില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റിയ സംഭവത്തില്‍ പ്രതിക്കെതിരേ പോലിസ് തീവ്രവാദക്കുറ്റം ചുമത്തി. കൊലപാതകവും വധശ്രമവും ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. നാലു കുട്ടികളുടെ പിതാവായ 47കാരന്‍ ഡാരെന്‍ ഓസ്‌ബോണ്‍ ആണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. ആക്രമണം നടത്തിയത് കാര്‍ഡിഫില്‍നിന്നുള്ള ഇയാള്‍ മാത്രമാണെന്നാണ് പോലിസ് നിഗമനം. എന്നാല്‍, അന്വേഷണം തുടരുകയാണെന്ന് പോലിസ് പ്രസ്താവനയില്‍ അറിയിച്ചു.വടക്കന്‍ ലണ്ടനില്‍ ഫിന്‍സ്ബറി പാര്‍ക്ക് മസ്ജിദ് പരിസരത്ത് കഴിഞ്ഞദിവസം രാത്രി പ്രാദേശിക സമയം എട്ടിനാണ് ആക്രമണമുണ്ടായത്. സെവന്‍ സിസ്‌റ്റേഴ്‌സ് റോഡിലെ മുസ്‌ലിം വെല്‍ഫെയര്‍ ഹൗസിനു പരിസരത്തെ നടപ്പാതയില്‍ പള്ളിയില്‍നിന്ന് നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ വിശ്വാസികള്‍ക്കുനേരെ ഇയാള്‍ വാനിടിച്ചു കയറ്റുകയായിരുന്നു. അക്രമിയെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിക്കുകയായിരുന്നു. വാന്‍ ഇടിച്ചുകയറ്റുന്ന സമയത്ത് അക്രമി മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.'ആഗ്രഹിച്ച കാര്യം പൂര്‍ത്തീകരിക്കണം. എനിക്ക് മുസ്‌ലിംകളെ കൊന്നൊടുക്കണം' എന്നായിരുന്നു ഇയാള്‍ വിളിച്ചുപറഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ജനങ്ങള്‍ ഓടിച്ചുപിടിച്ചപ്പോഴും ഇയാള്‍ ഇതേ വാക്കുകള്‍ ആവര്‍ത്തിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it