kozhikode local

ഫാറൂഖ്‌കോളജ് വിവാദം ആസൂത്രിതം: ഫെയ്‌സ്‌

കോഴിക്കോട്: ഏഴ് പതിറ്റാണ്ടിലേറെയായി മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുകയും  ബഹുമുഖ പ്രതിഭകളെ സംഭാവന ചെയ്യുകയും ചെയ്ത ഫാറൂഖ് കോളേജിനെ തകര്‍ക്കാനുള്ള ഇടതുപക്ഷ സംഘടനകളുടേയും വര്‍ഗീയ ശക്തികളുടേയും സംയുക്ത ശ്രമങ്ങളെ പൊതുസമൂഹം തിരിച്ചറിയണമെന്ന് ഫാറൂഖ് കോളേജ് ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളിലെ അദ്ധ്യാപക, അനധ്യാപക സംഘടനകളുടെ കോര്‍ഡിനേഷന്‍ (ഫെയ്‌സ്) പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ചില ഓണ്‍ലൈന്‍ മഞ്ഞപത്രങ്ങളെ കൂട്ടുപിടിച്ച് കോളേജിനെ തകര്‍ക്കാന്‍ രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ ലിംഗസമത്വ സമരങ്ങളുടെ ബാക്കിപത്രമാണ് പുതുതായി ഉയര്‍ന്ന് വന്ന വിവാദങ്ങളും സംഭവങ്ങളുമെന്നും അതിനെതിരെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്ത് വരണമെന്നും ഫെയ്‌സ് അഭിപ്രായപ്പെട്ടു.ഫാറൂഖ് കോളേജിലും ആ ക്യാമ്പസിലെ മറ്റു ഇതര സ്ഥാപനങ്ങളിലും ഒതുങ്ങി തീരേണ്ട നിസാര പ്രശ്‌നങ്ങള്‍ പോലും വിവാദവിഷയമായി ഉയര്‍ത്തിക്കൊണ്ടു വരുന്ന തല്‍പര കക്ഷികളുടെ മുതലെടുപ്പ് രാഷ്ട്രീയം വിദ്യാര്‍ത്ഥി സമൂഹം മനസിലാക്കി തുടങ്ങിയെന്നതിന്റെ തെളിവാണ് സമരക്കാര്‍ക്കെതിരെ വിദ്യാര്‍ത്ഥികളൊറ്റക്കെട്ടായി അണിനിരന്നതും പ്രതിഷേധ മറിയിച്ചതും.
രണ്ട് വര്‍ഷം മുമ്പ് ഫാറൂഖ് എല്‍പി സ്‌കൂളിലെ ഒരു അധ്യാപകനെ കയ്യേറ്റം ചെയ്തതും ഫാറൂഖ് ട്രൈനിംഗ് കോളേജ് അധ്യാപകന്‍ മൂന്ന് മാസം മുമ്പ് കോളേജിന് പുറത്ത് നടത്തിയ പ്രഭാഷണത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് അനവസരത്തില്‍ ചര്‍ച്ചാവിഷയമാക്കി കേസെടുത്തതും  ഫാറൂഖാബാദ്  സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ഇടത്-വര്‍ഗീയ ശക്തികളുടെ കൂട്ട്‌കെട്ടിന് ഉദാഹരണമാണെന്നും കോര്‍ഡിനേഷന്‍ വിലയിരുത്തി. ഇത്തരം ശ്രമങ്ങളെ ചെറുക്കാന്‍ വിദ്യാര്‍ത്ഥികളും പൊതുസമൂഹവും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ ആലിക്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡേ.കെ അലി നൗഫല്‍ (ഫറൂഖ് കോളേജ്), ഷഹദ് ബിന്‍ അലി (ആര്‍യുഎ കോളേജ്), ഡോ.ഫാത്തിമ ജസീന ( ഫാറൂഖ് ട്രൈനിംങ് കോളേജ്), ജഹാംഗീര്‍ കബീര്‍ (ഫാറൂഖ് സ്‌കൂള്‍), അഷ്‌റഫ് (ഫാറൂഖ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍), അന്‍വര്‍ (ഫാറൂഖ് കോളേജ്), റിഷാദ് (ഫാറൂഖ് ട്രൈനിംങ് കോളേജ്) ഡോ. എ ടി ജബ്ബാര്‍ ( ഫാറൂഖ് കോളേജ്), സെക്രട്ടറി ഡോ. ടി അബ്ദുല്‍ മജീദ്, സി പി സെയ്ഫുദ്ധീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it