World

ഫലസ്തീന്‍ പ്രധാനമന്ത്രിയുടെ സംഘത്തിനു നേരെ ആക്രമണം

ഗസാ  സിറ്റി: ഗസയില്‍ ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലയുടെ വാഹനവ്യൂഹത്തിനു നേരെ സ്‌ഫോടനം. ഹംദല്ലയും സംഘവും ഗസാ മുനമ്പിലേക്കു പ്രവേശിച്ച സമയത്താണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഹംദല്ലയും സംഘവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍, നിരവധി പ്രദേശവാസികള്‍ക്കു പരിക്കേറ്റതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രിയും സംഘവും ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഗസയിലെ ബയ്ത് ഹനൂന്‍ ചെക്‌പോയിന്റ് കടന്ന ഉടനെയാണ് പൊട്ടിത്തെറിയുണ്ടായത്.
മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ഉദ്ഘാടനത്തിനായാണ് ഹംദല്ലയും സംഘവും ഗസാ മുനമ്പിലെത്തിയത്. അതേസമയം, ഗസ ഭരിക്കുന്ന ഹമാസാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് ഫതഹ് പാര്‍ട്ടി ആരോപിച്ചു. ഇതു രാഷ്ട്രീയ അനുരഞ്ജന നീക്കങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണെന്നും ഇതു ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വളര്‍ത്താന്‍ കാരണമാവുമെന്നും അവര്‍ ആരോപിച്ചു.
സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമാണെന്നു ഗസാ ആഭ്യന്തര മന്ത്രാലയ വക്താവ് ഇയാദ് അല്‍ ബുസം പറഞ്ഞു. പ്രധാനമന്ത്രിയടക്കമുള്ളവര്‍ ഗസയിലേക്കു പ്രവേശിക്കുമ്പോള്‍ എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളുമെടുക്കാറുണ്ട്. അത് ഇന്നും പാലിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുറച്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവരെ ചോദ്യം ചെയ്തു വരുകയാണെന്നും ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഫലസ്തീനില്‍ രാഷ്ട്രീയ എതിരാളികളായിരുന്ന ഫതഹും ഹമാസും ഏറെ നാളത്തെ ശത്രുതമറന്ന് അടുത്തിടെ അനുരഞ്ജനത്തിന്റെ പാതയിലെത്തിയിരുന്നു. പരസ്പരം സഹകരിച്ചുപോവാന്‍ ഇരു സംഘടനകളും തീരുമാനിച്ചിരുന്നു.
Next Story

RELATED STORIES

Share it