ഫഌറ്റുകള്‍ക്ക് ലൈസന്‍സ്; അന്വേഷണ റിപോര്‍ട്ടുകള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിഗണിക്കും

തിരുവനന്തപുരം: അനധികൃത ഫഌറ്റുകളുടെ ലൈസന്‍സ് നിഷേധിച്ചുകൊണ്ടുള്ള ഡിജിപി ജേക്കബ് തോമസിന്റെയും എഡിജിപി അനില്‍കാന്തിന്റെയും റിപോര്‍ട്ടുകള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഫയര്‍ഫോഴ്‌സ് കമാന്‍ഡന്റ് ജനറലും സമിതിയില്‍ അംഗങ്ങളാണ്. ഇവരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭായോഗം ഫഌറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
സര്‍ക്കാരിനെതിരേ വിമര്‍ശനം നടത്തിയ ജേക്കബ് തോമസിനെതിരായ നടപടിയുടെ കാര്യത്തിലും ചീഫ് സെക്രട്ടറിയാണ് തീരുമാനമെടുക്കേണ്ടത്. കണ്‍സ്യൂമര്‍ഫെഡ് വിവാദത്തില്‍ തച്ചങ്കരിക്കെതിരായ റിപോര്‍ട്ട് താന്‍ അംഗീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തുടര്‍നടപടികളുമായി ആഭ്യന്തരവകുപ്പ് മുന്നോട്ടുപോവുകയാണ്.
സ്വാമി ശാശ്വതീകാനന്ദ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത് സംബന്ധിച്ച് ഏതന്വേഷണം നടത്തണമെന്ന കാര്യത്തില്‍ അടുത്ത 16ന് കോടതി വിധി പറയാനിരിക്കുകയാണ്. കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്ന വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it