palakkad local

പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നത് നാട്ടുകാര്‍ തടഞ്ഞു

ആലത്തൂര്‍: ആലത്തൂര്‍-വാഴക്കോട് സംസ്ഥാന പാതയില്‍ കാവശ്ശേരി പരയ്ക്കാട്ടു കാവിനു സമീപം റോഡരികില്‍ തള്ളിയ പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്ത് പൂന്തോട്ടമൊരുക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കം നാട്ടുകാര്‍ തടഞ്ഞു. പാടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനിടെയാണ് സമീപപ്രദേശത്തെ നാട്ടുകാര്‍ തടഞ്ഞത്. ദേവസ്വം വകുപ്പിന്റെ സഹകരണത്തോടെയാണ് ആരോഗ്യ വകുപ്പ് പദ്ധതി ആവിഷ്‌കരിച്ചത്.
പരയ്ക്കാട്ടു കാവിനു സമീപം റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് ജനജീവിതത്തെയും  സമീപത്തെ വനത്തെയും ബാധിക്കുന്നതായി തേജസ് നേരത്തേ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കാവശ്ശേരി പൂരത്തിനു മുന്നോടിയായി പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. സമീപത്തെ കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ കളിമണ്ണ് കൊണ്ടിടുന്ന പ്രദേശത്ത് മാലിന്യം കുഴിച്ചു മൂടാനാണ് ഉദ്ദേശിച്ചിരുന്നത്.
ഇത് തങ്ങളുടെ തൊഴിലിനെ ബാധിക്കുമെന്ന് പറഞ്ഞാണ് നാട്ടുകാര്‍ മാലിന്യനീക്കം തടഞ്ഞത്. ഇതിനിടയില്‍ റോഡില്‍ നിന്ന് നീക്കം ചെയ്യുന്ന മാലിന്യം വനത്തിനോട് ചേര്‍ന്ന് ഇടാനുള്ള നീക്കം ദേവസ്വം വകുപ്പും ചോദ്യം ചെയ്തു. ഇവിടെ നിന്ന് നീക്കുന്ന മാലിന്യം വീഴുമലയ്ക്കു സമീപത്തെ ആലത്തൂര്‍ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ കൊണ്ടിടാനാണ് ആരോഗ്യ വകുപ്പിനോട് നിര്‍ദേശിച്ചതെന്ന് പരയ്ക്കാട്ട് ദേവസ്വം അധികൃതര്‍ പറഞ്ഞു.
വനം വകുപ്പിന്റെ സഹകരണത്തോടെ വനത്തിനു ചുറ്റും കമ്പിവേലി കെട്ടി സംരക്ഷിക്കുമെന്നും ആയുര്‍വേദ, ഔഷധ സസ്യങ്ങള്‍ വെച്ച് പിടിപ്പിക്കുമെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു. നാട്ടുകാര്‍ തടഞ്ഞതോടെ പദ്ധതി ഉപേക്ഷിച്ചതായി പാടൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍ പറഞ്ഞു. കൂട്ടിയിട്ട മാലിന്യം അവിടെ തന്നെ കിടക്കുകയാണ്.
Next Story

RELATED STORIES

Share it