ernakulam local

പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് പുതുവഴിയുമായി പിസ്സാ



കാലടി: ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനം. എന്നാല്‍ അതിനെല്ലാം പരിഹാരമാവുകയാണ് കാലടി ശ്രീശാരദ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത പ്ലാസ്റ്റിക്ക് ഇന്‍ന്റോസ്റ്റിക്കേറ്റ് സീറോ സോണ്‍ ആറ്റോമൈസര്‍ (പിസ്സാ). ഈ ഉപകരണം വഴി പ്ലാസ്റ്റിക്കിനെ സംസ്‌ക്കരിച്ച് പെട്രോളിയം ഉല്‍പന്നങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. പ്ലസ് ടു ബയോ മാക്‌സ് വിദ്യാര്‍്ഥികളായ ആകാശ് എം മുരളി, മീരാ രാജ്, സാന്ദ്ര വാളുക്കാരന്‍, ലക്ഷ്മി ആര്‍ നായര്‍, ഏയ്ഞ്ചല്‍ ജോണി എന്നിവര്‍ ചേര്‍ന്നാണ് പിസ്സാ വികസിപ്പിച്ചെടുത്തത്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കിനെ കുക്കറിന്റെ രൂപത്തിലുളള പാത്രത്തിലിട്ട് പ്രത്യേക അനുപാതത്തില്‍ ചൂടാക്കുന്നു. ചുടാക്കി കിട്ടുന്ന മിശ്രിതം തണുപ്പിച്ച് പൈപ്പുവഴി ശേഖരിക്കുന്നു. ആ മിശ്രിതത്തെ സംസ്‌ക്കരിച്ചെടുത്ത് പ്രെട്രോളിയം ഉത്പന്നങ്ങളാക്കി മാറ്റുന്നത്. മികച്ച ഗുണനിലവാരമുളള പെട്രോള്‍, ടാര്‍ എന്നിവയും ഇതില്‍ നിന്നും വേര്‍തിരിച്ചെടുക്കാനാകും. വാഹനങ്ങളില്‍ വരെ ഈ പ്രെട്രോള്‍ ഉപയോഗിക്കാനാകുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സോളാര്‍ ഉപയോഗിച്ചും പിസ്സാ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. വീടുകളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സംസ്‌ക്കരിച്ചെടുക്കാവുന്ന രൂപത്തിലാണ് വിദ്യാര്‍ഥികള്‍ ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആയിരം രൂപ മാത്രമാണ് കുട്ടികള്‍ക്ക് ഇത് നിര്‍മിക്കുവാന്‍ ചെലവായിട്ടുള്ളത്്. ആദിശങ്കര എന്‍ജിനീയറിങ്ങ് കോളജില്‍ നടന്ന എപിജെ അബ്ദുള്‍ കലാം ഇന്നവേഷന്‍ ചലഞ്ചില്‍ സ്‌കൂള്‍ തലത്തില്‍ മികച്ച പ്രൊജക്റ്റായി പിസ്സാ തിരഞ്ഞെടുത്തിരുന്നു. ഫിസിക്‌സ് അധ്യാപിക കെ നിത്യയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ഇത് വികസിപ്പിച്ചെടുത്തത്. പ്രധാന അധ്യാപിക മഞ്ജുഷ വിശ്വനാഥിന്റെയും, പിടിഎയുടെയും പൂര്‍ണ പിന്തുണയും കുട്ടികള്‍ക്കുണ്ടായിരുന്നു.
Next Story

RELATED STORIES

Share it