Idukki local

പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ : കോടിക്കുളം ഗ്ലോബല്‍ സ്‌കൂളിലെ ആദ്യദിനം സംഘര്‍ഷഭരിതം



തൊടുപുഴ: കോടിക്കുളം ഗ്ലോബല്‍ ഇന്‍ഡ്യന്‍ പബ്ലിക് സ്‌കൂളില്‍ മാനേജ്‌മെന്റും പി.ടി.എയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പ്രവേശനോത്സവ ദിനം സംഘര്‍ഷഭരിതമാക്കി. കഴിഞ്ഞ ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് ജെ കാപ്പനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന ആവശ്യമടക്കം ഉന്നയിച്ച് രക്ഷിതാക്കള്‍ രംഗത്തെത്തിയതാണ് പ്രക്ഷുബ്ധ രംഗങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഒടുവില്‍ തഹസീല്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ പ്രിന്‍സിപ്പല്‍ തോമസ് ജെ കാപ്പന്റെ സസ്‌പെന്‍ഷന്‍ഷന്‍ പിന്‍വലിച്ചതായി മാനേജര്‍ എഴുതി നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് താല്‍കാലിക പരിഹാരമായത്. സ്‌കൂളില്‍ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ആദ്യ ദിനം ക്ലാസ് ഉണ്ടായിരുന്നത്. രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികളുമായി നാനൂറോളം ആളുകള്‍ സ്‌കൂളിലെത്തിയിരുന്നു. പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ ക്ലാസ് ആരംഭിക്കാന്‍ അനുവദിക്കില്ലെന്ന് വ്യാഴാഴ്ച്ച ചേര്‍ന്ന പി.ടി.എ കമ്മിറ്റി തീരുമാനിച്ചു. ഇതേ സമയം സ്ഥലത്തെത്തിയ തൊടുപുഴ തഹസില്‍ദാര്‍ സോമനാഥന്‍പിള്ളയെ രക്ഷാകര്‍ത്താക്കള്‍ പ്രശ്‌നം ധരിപ്പിച്ചു. ഇതേത്തുടര്‍ന്ന് ഓഫിസ് മുറിയില്‍ ഇളംദേശം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രസന്നന്‍, സ്‌കൂള്‍ മാനേജര്‍ ടോജന്‍ വി സിറിയക്, വൈസ് പ്രിന്‍സിപ്പല്‍ പ്രീത, അക്കാഡമിക് കോ ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവരുമായി തഹസില്‍ദാര്‍ ചര്‍ച്ച തുടങ്ങി. മറ്റ് മാനേജ്‌മെന്റ് പ്രതിനിധികളാരും സ്ഥലത്തെത്തിയില്ല. ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് തഹസീല്‍ദാര്‍ പറഞ്ഞു. ഇതിനിടെ വൈസ് പ്രിന്‍സിപ്പല്‍ മുറിയില്‍ പൂട്ടിയിടാന്‍ ശ്രമിച്ചതായും ബലപ്രയോഗം നടത്തിയതായും പത്താം ക്ലാസിലെ ഏതാനും വിദ്യാര്‍ഥിനികള്‍ തഹസില്‍ദാര്‍ക്ക് മുന്നില്‍ പരാതി പറഞ്ഞു. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി രക്ഷിതാക്കള്‍ യോഗത്തെ അറിയിച്ചു. ഇതോടെ ഓഫിസ് മുറിയിലേക്ക് രക്ഷാകര്‍ത്താക്കള്‍ തള്ളിക്കയറി. വൈസ് പ്രിന്‍സിപ്പലിനെതിരേ കേസെടുക്കണമെന്നും അവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്ക് ശേഷം അഞ്ചാം തിയ്യതി സ്‌കൂള്‍ തുറക്കാമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഇതംഗീകരിക്കാതെ രക്ഷിതാക്കള്‍ തഹസില്‍ദാരെ തടഞ്ഞു വച്ചു. ഇതിനിടെ നാല് ദിവസം മുമ്പ് സ്ഥാനമേറ്റ അക്കാഡമിക് കോ ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ സ്ഥാനം രാജിവച്ച് ഇറങ്ങിപ്പോയി.ബഹളം രൂക്ഷമായതോടെ കാളിയാര്‍ എസ്.ഐ: വിഷ്ണു കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് എത്തി. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ തഹസില്‍ദാര്‍, മാനേജര്‍, വൈസ് പ്രിന്‍സിപ്പല്‍ എന്നിവരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് സ്ത്രീകളടക്കമുള്ള രക്ഷിതാക്കള്‍ പറഞ്ഞു. 12 മണിയോടെ പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രിന്‍സിപ്പലിനെതിരായ നടപടി പിന്‍വലിക്കാന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്ന നിലയില്‍ തഹസില്‍ദാര്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് പ്രിന്‍സിപ്പലിനെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി മാനേജര്‍ എഴുതി നല്‍കി. ഇതോടെയാണ് പ്രശ്‌നങ്ങള്‍ താല്‍ക്കാലികമായി അവസാനിച്ചത്. ജൂണ്‍ 15ന് മുമ്പായി ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ എന്നിവരുടെ മുന്നില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും ധാരണയായി. സംഭവമറിഞ്ഞ് തൊടുപുഴ ഡിവൈഎസ്പി എന്‍ എ ന്‍ പ്രസാദ്, കാളിയാര്‍ സി.ഐ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it