Kollam Local

പ്രസിഡന്റ്‌സ് ട്രോഫി ജലോല്‍സവം : സെന്റ് പയസ് ടെന്‍തിന്റേത് കന്നിക്കിരീട നേട്ടം



കൊല്ലം: അഷ്ടമുടിക്കായലിന്റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ആറാമാത് പ്രസിഡന്റ്‌സ് ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ സെന്റ് പയസ് ടെന്‍ത് ചുണ്ടന് ഇത് ഇരട്ടി മധുരം. ഇക്കൊല്ലം ജില്ലയില്‍ നടന്ന കല്ലട ജലോല്‍സവത്തില്‍ നേടിയ മേധാവിത്വം പ്രസിഡന്റ്‌സ് ട്രോഫിയും കരസ്ഥമാക്കി അരക്കിട്ടുറപ്പിച്ചു. നെഹ്‌റു ട്രോഫിയില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ ക്ഷീണം മാറ്റുന്നതായിരുന്നു പ്രസിഡന്റ്‌സ് ട്രോഫിയിലെ സെന്റ് പയസ് ടെന്‍തിന്റെ കന്നികിരീട നേട്ടം. നടുഭാഗം ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ പിന്തള്ളിയാണ് പട്ടംതുരുത്ത് സെന്റ് ഫ്രാന്‍സിസ് ബോട്ട് ക്ലബ്ബിന്റെ കെ ബാലമുരളി ക്യാപ്റ്റനായ സെന്റ് പയസ് ടെന്‍ത് പ്രസിഡന്റ്‌സ് ട്രോഫി കരസ്ഥാക്കിയത്. അന്‍സര്‍ ബസ്റ്റ് ബില്‍ഡേഴ്‌സ് ക്യാപ്റ്റനായ കരുനാഗപ്പള്ളി നീലിവള്ളത്തിന്റെതാണ് നടുഭാഗം ചുണ്ടന്‍. നെഹ്‌റു ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയിട്ടുള്ള നാസര്‍ പോച്ചയില്‍ ക്യാപ്റ്റനായ കരുനാഗപ്പള്ളി സംഘം കന്നേറ്റിയുടെ കാരിച്ചാല്‍ മൂന്നാമത് ഫിനിഷ് ചെയ്തപ്പോള്‍ നിലവിലെ പ്രസിഡന്റ്‌സ് ട്രോഫി ജേതാവായ മഹാദേവിക്കാട് കാട്ടില്‍ തെക്കതിലിന് നാലാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളു. നാലു ഹീറ്റ്‌സുകളിലായി നടന്ന ചുണ്ടന്‍ വള്ളങ്ങളൂടെ പ്രാഥമിക മല്‍സരത്തില്‍ രണ്ടാംഹീറ്റ്‌സിലെ ഒന്നാമനായിരുന്നു സെന്റ് പയസ് ടെന്‍ത്. ഒന്നാം ഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാരായിരുന്ന മഹാദേവിക്കാട് കാട്ടില്‍തെക്കതില്‍, മൂന്നാം ഹീറ്റ്‌സിലെ ഒന്നാമനായ കാരിച്ചാല്‍,നാലാം ഹീറ്റ്‌സിലെ ഒന്നാമനായ നടുഭാഗം എന്നീ വള്ളങ്ങളായിരുന്നു ഫൈനലില്‍ മാറ്റുരച്ചത്. ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലില്‍ ചമ്പക്കുളം ചുണ്ടനെ പിന്നിലാക്കി വെള്ളംകുളങ്ങര ചുണ്ടന്‍ ഒന്നാമതെത്തി. സെക്കന്റ് ലൂസേഴ്‌സ് ഫൈലലില്‍ പായിപ്പാടന്‍ ചുണ്ടന്‍ ഒന്നാമതെത്തി. വെപ്പ് എയില്‍ പുന്നത്ര വെങ്ങാഴി,വെപ്പ് ബിയില്‍ എബ്രഹാം മൂതൈക്കന്‍, ഇരുട്ടുകുത്തി എയില്‍ മൂതൈക്കന്‍,ഇരുട്ടുകുത്തി ബിയില്‍ ശരവണന്‍,തെക്കനോടിവനിത(തറവള്ളം)ഫൈനലില്‍ ദേവസും ഒന്നാമതെത്തി.
Next Story

RELATED STORIES

Share it