thrissur local

പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ മഹാത്മാഗാന്ധി കാണിച്ചുതന്ന മാര്‍ഗത്തിലൂടെ മുന്നേറണം

തൃശൂര്‍: ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലോക രാഷ്ട്രങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ മഹാത്മഗാന്ധി കാണിച്ചുതന്ന സര്‍വോദയ മാര്‍ഗത്തിലൂടെ മുന്നേറണമെന്ന് അഖിലേന്ത്യാ സര്‍വോദയ മണ്ഡലം അഖിലേന്ത്യാ പ്രസിഡന്റ് മഹാദേവ് വിദ്രോഹി അഭിപ്രായപ്പെട്ടു.
മഹാത്മഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യയിലെ ഗാന്ധിമാര്‍ഗ പ്രസ്ഥാനങ്ങള്‍ സംയുക്തമായി തയ്യാറാക്കിയിരിക്കുന്ന ഒരു വര്‍ഷത്തെ കര്‍മ്മ പരിപാടി വിശദീകരിക്കുന്നതിനായി ചേര്‍ന്ന മധ്യകേരളത്തിലെ സര്‍വോദയ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്രമം, അഴിമതി, വര്‍ഗീയത, പ്രകൃതിവിഭവ ചൂഷണം എന്നീ തിന്മകളെ ഒഴിവാക്കാന്‍ സര്‍വോദയ സമൂഹ സൃഷ്ടിയിലൂടെ സാധിക്കുമെന്ന് മഹാദേവ് വിദ്രോഹി പറഞ്ഞു. തൃശൂര്‍ ഭാരതീയ വിദ്യാഭവന്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സര്‍വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് എം കെ കുഞ്ഞുണ്ണി നമ്പിടി അധ്യക്ഷത വഹിച്ചു. സേവാഗ്രാം ആശ്രമം പ്രതിഷ്ഠാന്‍ പ്രസിഡന്റ് ജൈവന്ത് മട്ക്കര്‍ കര്‍മ്മ പരിപാടി അവതരിപ്പിച്ചു.
സേവാഗ്രാം ആശ്രമം ട്രസ്റ്റി ടി ആര്‍ എന്‍ പ്രഭു, സര്‍വോദയ മണ്ഡലം അഖിലേന്ത്യാ സെക്രട്ടറി ഷേഖ് ഹുസൈന്‍, സംസ്ഥാന പ്രസിഡന്റ് ഡോ. ജോസ് മാത്യു, മുന്‍ പ്രസിഡന്റ് ഡോ.എം പി മത്തായി, എം പീതാംബരന്‍ മാസ്റ്റര്‍, കസ്തൂര്‍ബ ട്രസ്റ്റ് പ്രതിനിധി കെ ശാരദ, സെക്രട്ടറി രാജീവ് മുരളി, ഇസാബിന്‍ അബ്ദുള്‍കരീം, പി എസ് സുകുമാരന്‍ പ്രസംഗിച്ചു.
Next Story

RELATED STORIES

Share it