Kottayam Local

പ്രവേശന പരീക്ഷയ്ക്ക് ഇത്തവണയും സര്‍ട്ടിഫിക്കറ്റിനായി അലയുന്നു

ഈരാറ്റുപേട്ട: മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതി വിജയിക്കുന്നവര്‍ മാത്രം ജാതി, നേറ്റിവിറ്റി, നോണ്‍ ക്രമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം ഈ വര്‍ഷവും നടപ്പായില്ല. സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയൊടൊപ്പം തന്നെ നല്‍കണമെന്ന നിര്‍ദേശം എത്തിയതോടെ അക്ഷയ കേന്ദ്രങ്ങളിലും വില്ലേജ് ഓഫിസിലും തിരക്കേറി. റവന്യൂ മന്ത്രിയും പ്രവേശന പരീക്ഷാ കമ്മീഷണറും സംഘടന ഭാരവാഹികളും കഴിഞ്ഞ വര്‍ഷം നടത്തിയ ചര്‍ച്ചയില്‍ ഈ വര്‍ഷം മുതല്‍ വിജയിക്കുന്നവര്‍ക്ക് മാത്രമായി രേഖകള്‍ നിജപ്പെടുത്താം എന്ന് തീരുമാനിച്ചിരുന്നു. പ്രവേശന പരീക്ഷയുടെ അപേക്ഷയ്‌ക്കൊപ്പം വരുമാനം, ജാതി, നേറ്റിവിറ്റി, നോണ്‍ ക്രമീലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണമെന്നാണ് ഈ വര്‍ഷവും നിര്‍ദേശമെത്തിയിട്ടുള്ളത്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം ലഭിക്കേണ്ടതു വില്ലേജ് ഓഫിസുകളില്‍ നിന്നാണ്. സാധാരണ വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചാല്‍ വില്ലേജ് ഓഫിസര്‍ അവരുടെ റേഷന്‍ കാര്‍ഡും മറ്റും പരിശോധിച്ച് അപേക്ഷകന്‍ പറയുന്ന കാര്യങ്ങള്‍ വിശ്വാസത്തിലെടുക്കുകയാണു പതിവ്. എന്നാല്‍ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് അപേക്ഷ ലഭിച്ചാല്‍ വില്ലേജ് ഓഫിസര്‍മാര്‍ മാതാപിതാക്കളുടെ വരുമാനം സംബന്ധിച്ച് സ്ഥലത്ത് പോയി പരിശോധന നടത്തി എല്ലാം ഉറപ്പാക്കിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇതിനു മൂന്നു ദിവസം വരെ സമയം എടുക്കും. ഒരു വില്ലേജില്‍ 50ന് മുകളില്‍ അപേക്ഷകളാണ് ഈ സമയത്ത് ലഭിക്കുന്നത്. സംസ്ഥാനത്ത് 1650 വില്ലേജ് ഓഫിസുകളിലായി ശരാശരി 50 അപേക്ഷ വച്ച് കണക്ക് കൂട്ടിയാല്‍ തന്നെ 82500 വരുമാന സര്‍ട്ടിഫിക്കറ്റ് മാത്രാ ഉണ്ടാവും. ഇവര്‍ക്ക് എല്ലാം ചുരുങ്ങിയ ദിവസത്തിനകം ഈ രേഖകള്‍ നല്‍കുന്ന ശ്രമകരമായ ജോലി സാമ്പത്തിക വര്‍ഷാവസാനത്തില്‍ വില്ലേജ് ഓഫിസര്‍മാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. ഇവയില്‍ മൂന്നു സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ ആയതിനാല്‍ അക്ഷയ സെന്ററുകള്‍ വഴി അപേക്ഷിക്കണം. ഇതോടെ അക്ഷയ സെന്ററുകളിലും വലിയ തിരക്കാണ് നേരിടുന്നത്. പിഎസ്‌സി പരീക്ഷയ്ക്കും, നീറ്റ്, എയിംസ്, ജെഇഇ തുടങ്ങിയ പരീക്ഷകള്‍ക്കൊന്നും അപേക്ഷയ്‌ക്കൊപ്പം ഒരു സര്‍ട്ടിഫിക്കറ്റും വാങ്ങുന്നില്ല. വില്ലേജ് ഓഫിസ് വഴി വാങ്ങുന്ന സര്‍ട്ടിഫിക്കറ്റ് എല്ലാം ഓണ്‍ലൈന്‍ വഴി ആക്കിയിട്ടും നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് മാത്രം വില്ലേജ് ഓഫിസില്‍ നിന്ന് നേരിട്ടു വാങ്ങണം. ഇതു ജനങ്ങള്‍ക്കു വളരെയേറേ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റും അക്ഷയ വഴിയാക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it