Kollam Local

പ്രവീണ്‍ പ്രഭാകരന്റെ മോചനം; അന്തിമ വിധി 23ന്



പത്തനാപുരം : കെനിയയിലെ ജയില്‍ കഴിയുന്ന വിദ്യാര്‍ഥി പ്രവീണ്‍ പ്രഭാകരന്റെ മോചനക്കേസില്‍ അന്തിമ വിധി നവംബര്‍ 23 ന് ഉണ്ടാകും. സാക്ഷി വിസ്താരം പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തില്‍ പ്രവീണ്‍ നിരപരാധിയാണെന്നാണ് പ്രാഥമിക നിഗമനം. മോചനം സാധ്യമാക്കുന്നതിനായി കേരളത്തില്‍ നിന്നുള്ള അഡ്വ. നിസാര്‍ കൊച്ചേരി കെനിയന്‍ കോടതിയില്‍ പ്രവീണിന്റെ അടിസ്ഥാന വിവരങ്ങളും രേഖകളും ഹാജരാക്കിയിട്ടുണ്ട്. പ്രവീണിനെ ഇനിയും കേസില്‍ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് കോടതി നീരിക്ഷിച്ചാല്‍ മോചനം സാധ്യമാകും. മയക്കുമരുന്ന് കണ്ടെത്തിയ പ്രത്യേക സംഘത്തിന്റെ മേധാവി, അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയാണ് സാക്ഷികളായി വിസ്തരിച്ചത്. പ്രവീണ്‍ വിദ്യാര്‍ഥിയായിരുന്നുവെന്നും കപ്പലില്‍ പരിശീലനത്തിനായി എത്തിയതാണെന്നുമുള്ള രേഖകള്‍ കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. പത്തനാപുരം പുന്നല കറവൂര്‍ പ്രഭാവിലാസത്തില്‍ പ്രഭാകരന്‍ നായര്‍ -ദേവയാനി ദമ്പതികളുടെ മകന്‍ പ്രവീണ്‍ (25) കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ അധികമായി തടവറയിലാണ്. പ്രവീണ്‍ ജയിലായത് മുതല്‍ മാനസികനില തെറ്റിയ ഭാര്യയുമായി പ്രഭാകരന്‍നായര്‍ തന്റെ മകനെയും കാത്തിരിക്കുകയാണ്. 2014 ല്‍ ഫെബ്രുവരിയില്‍ കപ്പലില്‍ ഇറാനില്‍ നിന്ന് ഷാര്‍ജയിലേക്ക് സിമന്റുമായി പോകുന്നതിനിടെ കെനിയ സമുദ്ര നിയന്ത്രണ സേന കപ്പലില്‍ പരിശോധന നടത്തി. മൊബാംസയില്‍ വച്ച് നടന്ന പരിശോധനയില്‍ കപ്പലിന്റെ അടിത്തട്ടിലെ ഡീസല്‍ ടാങ്കില്‍ നിന്നും അമിതയളവില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ കപ്പലില്‍ ഉണ്ടായിരുന്ന ജീവനക്കാരെല്ലാം കെനിയന്‍ പോലിസിന്റെ പിടിയിലാവുകയായിരുന്നു.
Next Story

RELATED STORIES

Share it