പ്രവാസി വോട്ടര്‍മാരെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടഡ് വിമാനങ്ങള്‍; കെഎംസിസിയുടെ നടപടി ഇലക്ഷന്‍ നിയമങ്ങള്‍ക്കു വിരുദ്ധമെന്ന് സിപിഎം

പൊന്നാനി: തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ (കെഎംസിസി) ഗള്‍ഫിലുള്ള പ്രവാസി വോട്ടര്‍മാരെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടഡ് വിമാനങ്ങള്‍ ഒരുക്കി. ദുബയ് കെഎംസിസിയാണ് ഇതിനു നേതൃത്വംനല്‍കുന്നത്. വോട്ടര്‍മാരെ വഹിച്ചുള്ള ചാര്‍ട്ടഡ് വിമാനം ഒക്ടോബര്‍ 29നു കരിപ്പൂരിലെത്തും.
ടിക്കറ്റ് ചാര്‍ജ് കെഎംസിസിയാണ് വഹിക്കുക. ഓരോ യാത്രക്കാരില്‍ നിന്നും 100 ദിര്‍ഹം (1800 രൂപ ) മാത്രമാണ് കെഎംസിസി വാങ്ങുന്നത്. ബാക്കി ചെലവുകള്‍ കെഎംസിസി വഹിക്കും. 2014ല്‍ 300ലധികം വോട്ടര്‍മാരെയാണ് ഇത്തരത്തില്‍ കെഎംസിസി നാട്ടിലെത്തിച്ചത്. ലീഗിന് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ള വോട്ടര്‍മാരെയാണ് ഇതില്‍ ഉള്‍പ്പെടുത്തുക. അതേസമയം പണംമുടക്കി ചാര്‍ട്ടഡ് വിമാനത്തില്‍ പ്രവാസി വോട്ടര്‍മാരെ നാട്ടിലെത്തിക്കുന്ന കെഎംസിസി പരിപാടി തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്ന് സിപിഎം ആരോപിക്കുന്നു.
ലീഗ് പണക്കൊഴുപ്പ് കാണിക്കുകയാണ്. ഇതിനെതിരേ നിയമനടപടികളെക്കുറിച്ച് ആലോചിക്കുകയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗമായ എം എ ബേബി പറഞ്ഞു. കെഎംസിസിയുടെ വോട്ടര്‍മാരെ നാട്ടിലെത്തിക്കുന്ന പരിപാടി നിരീക്ഷിച്ചുവരികയാണെന്ന് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ ഓഫിസ് അറിയിച്ചു. വോട്ടര്‍മാര്‍ക്കു പണംകൊടുക്കുന്നതിന്റെ പരിധിയിലാണ് ഇതു പെടുക എന്നു നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
സിപിഎമ്മിന് പുറമെ ബിജെപിയും കെഎംസിസിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. ഓരോ വോട്ടര്‍മാര്‍ക്കും ഇരുപതിനായിരത്തോളം രൂപ ചെലവഴിച്ചാണ് കെഎംസിസി നാട്ടിലെത്തിക്കുന്നത്. എയര്‍ ഇന്ത്യയുടെ 307 നമ്പറിലുള്ള വിമാനമാണ് ഇത്തവണ ഇതിനായി കെഎംസിസി ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്.
അതേസമയം വോട്ടര്‍മാരെ ഇത്തരത്തില്‍ നാട്ടിലെത്തിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമല്ലെന്ന് കെഎംസിസി ഭാരവാഹികള്‍ പറഞ്ഞു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കെഎംസി സി വോട്ടര്‍മാരെ നാട്ടിലെത്തിച്ചിരുന്നു.
Next Story

RELATED STORIES

Share it