പ്രവാചക വൈദ്യത്തിന്റെ മറവില്‍ ലൈംഗിക ചൂഷണം

കോഴിക്കോട്: പ്രവാചക വൈദ്യത്തിന്റെ മറവില്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ അറസ്റ്റിലായ ഷാഫി സുഹൂരി എന്ന കാരന്തൂര്‍ പൂളക്കണ്ടി പി കെ മുഹമ്മദ് ഷാഫിയെ (43) ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഏഴ്) റിമാന്‍ഡ് ചെയ്തു. ബീച്ച് ആശുപത്രിക്കു സമീപം അബ്ദുല്ല ഫൗണ്ടേഷന്‍ എന്ന പേരില്‍ ചികില്‍സാലയം നടത്തിയിരുന്ന ഇയാള്‍ അവിടെവച്ചാണ് യുവതിയെ പീഡിപ്പിച്ചത്. പഠനത്തിലെ പിന്നാക്കാവസ്ഥ മാറ്റുന്നതിനുള്ള ചികില്‍സയെന്ന പേരിലായിരുന്നു യുവതിയെ ശാരീരികമായി ചൂഷണം ചെയ്തത്. കുറ്റിക്കാട്ടൂരില്‍ ഇയാളുടെ കീഴിലുള്ള സ്ഥാപനത്തില്‍ യുവതിക്ക് ജോലിനല്‍കി അവിടെവച്ചും പീഡിപ്പിച്ചു. പീഡനം സഹിക്കവയ്യാതായതിനെ തുടര്‍ന്ന് യുവതി ജോലി ഉപേക്ഷിച്ച് പോലിസിനെ സമീപിക്കുകയായിരുന്നു. 2014 മുതല്‍ പലതവണ തന്നെ പീഡിപ്പിച്ചതായി യുവതി മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരേ ഐപിസി 376ാം വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗവ. ബീച്ച് ആശുപത്രിയില്‍ നടത്തിയ ആരോഗ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. വ്യാജ ചികില്‍സയ്ക്കു പുറമെ സാമ്പത്തിക ക്രമക്കേട്, ലൈംഗിക ചൂഷണം തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ ചെയ്തതായി ആരോപണമുണ്ട്. മാനഹാനി ഭയന്ന് പലരും പരാതിപ്പെടാതിരുന്നത് ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വളമായി. ബീച്ച് ആശുപത്രിക്കു സമീപം വ്യാജ ചികില്‍സാലയവും മെഡിക്കല്‍ കോഴ്‌സും നടത്തിയതിനും പ്രവാചക വൈദ്യമെന്ന പേരില്‍ ചികില്‍സ നടത്തിയതിനും നേരത്തേ ഇയാള്‍ പോലിസ് പിടിയിലായിരുന്നു. അന്ന് റിമാന്‍ഡിലായ ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷവും ചികില്‍സ തുടരുകയായിരുന്നു.

[related]
Next Story

RELATED STORIES

Share it