പ്രളയം: മല്‍സ്യമേഖലയ്ക്ക് പ്രത്യേക പാക്കേജ് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: പ്രളയത്തില്‍പ്പെട്ടു തകര്‍ന്ന മല്‍സ്യബന്ധന മേഖലയ്ക്കും മീന്‍ വളര്‍ത്തല്‍മേഖലയുടെ പുനര്‍നിര്‍മാണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജ് സമര്‍പ്പിക്കും. നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അമിതാഭ് കാന്തുമായി ഫിഷറീസ്-തുറമുഖ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ചു ധാരണയായത്. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും സ്ഥിതിഗതികളെക്കുറിച്ചും മന്ത്രി, അമിതാഭ് കാന്തിനെ വിശദമായി ധരിപ്പിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പാക്കേജ് സമര്‍പ്പിക്കുന്ന മുറയ്ക്ക് ഇക്കാര്യം പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഒരുമാസത്തിനുള്ളില്‍ പാക്കേജ് തയ്യാറാക്കി സമര്‍പ്പിക്കാമെന്നു മന്ത്രി അറിയിച്ചു. ദുരിതത്തില്‍പ്പെട്ട കേരളത്തിനു കേന്ദ്രസര്‍ക്കാരിന്റെയും നീതി ആയോഗിന്റെയും എല്ലാവിധ സഹായസഹകരണങ്ങളുമുണ്ടാവുമെന്ന് അമിതാഭ് കാന്ത് വ്യക്തമാക്കി. മല്‍സ്യമേഖലയ്ക്കുണ്ടായ നഷ്ടം നേരില്‍ കാണുന്നതിന് കേന്ദ്ര ഫിഷറീസ് വകുപ്പിലെ ഉന്നതതലസംഘം ഉടന്‍ കേരളത്തിലെത്തുമെന്ന് സിഇഒ മന്ത്രിയെ അറിയിച്ചു.

Next Story

RELATED STORIES

Share it