പ്രളയം: പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന്‌

ന്യൂഡല്‍ഹി: പ്രളയബാധിത മേഖലയിലെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തോമര്‍. ഭവനനിര്‍മാണം, റോഡ് വികസനം തുടങ്ങിയ മേഖലകളിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കും. ഇതിനായി സംസ്ഥാനസര്‍ക്കാര്‍ വിശദമായ പദ്ധതി രൂപരേഖ സമര്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള യുഡിഎഫ്, എല്‍ഡിഎഫ് എംപിമാരോടാണ് കേന്ദ്ര ഗ്രാമവികസന മന്ത്രി ഇക്കാര്യമറിയിച്ചത്.
റോഡുകളുടെ പുനരുദ്ധാരണം, വീടുകളുടെ നവീകരണം, കിണറുകളുടെയും വീടുകളുടെയും ശുചീകരണം തുടങ്ങി പ്രളയബാധിത മേഖലയിലെ പ്രവര്‍ത്തനങ്ങളെല്ലാം തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുന്നതില്‍ കേന്ദ്രത്തിന് അനുകൂല നിലപാടാണ്. തൊഴിലുറപ്പ് വിഹിതം കേരളത്തിന് വര്‍ധിപ്പിക്കും. കേരളത്തിന് കുടിശ്ശിക ഉള്‍െപ്പടെയുള്ള 543 കോടി കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ കൂടുതല്‍ ശാസ്ത്രജ്ഞരെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഉപകരണങ്ങളുടെ എണ്ണം കൂട്ടി പ്രവര്‍ത്തനം ശക്തമാക്കും.
വിദേശസഹായം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കാണും. കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും സന്ദര്‍ശിക്കുമെന്നും എംപിമാര്‍ അറിയിച്ചു. കേരളത്തിന് പ്രത്യേക പാക്കേജ് വേണം. നിബന്ധനകളില്ലാത്ത വിദേശസഹായ വാഗ്ദാനം സ്വീകരിക്കണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിനായി വരുന്ന തുക സംസ്ഥാനത്തിന് തന്നെ ലഭിക്കുമെന്ന് ഉറപ്പാക്കണം. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം, അധിക റേഷനരി വിഹിതം സൗജന്യമാക്കുക, മണ്ണെണ്ണ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ എംപിമാര്‍ കേന്ദ്രത്തിന് മുന്നില്‍ വച്ചിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ ബിജെപി, മുസ്‌ലിംലീഗ് എംപിമാര്‍ പങ്കെടുക്കാതിരുന്നത്മറ്റ് അസൗകര്യങ്ങള്‍കൊണ്ടാണെന്ന് എംപിമാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it