പ്രളയം: പുതിയ പാക്കേജുമായി എണ്ണക്കമ്പനികള്‍

കൊച്ചി: പ്രളയത്തില്‍ നഷ്ടപ്പെട്ട പാചകവാതക സിലണ്ടറുകള്‍ക്കു പകരം സിലിണ്ടറുകള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള പ്രത്യേക പാക്കേജ് എണ്ണ ക്കമ്പനികള്‍ പ്രഖ്യാപിച്ചു. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രത്യേക പാക്കേജ് ഉണ്ട്. രേഖകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നതിന് എണ്ണ വിപണന കമ്പനികള്‍ പ്രത്യേക ക്യംപുകള്‍ സംഘടിപ്പിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ സംസ്ഥാന തല കോ-ഓഡിനേറ്ററും ചീഫ് ജനറല്‍ മാനേജരുമായ പി എസ് മണി പറഞ്ഞു.
പുതിയ സിലിണ്ടര്‍ ലഭിക്കാന്‍ നിലവില്‍ 1,600 രൂപയാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ പ്രളയബാധിത മേഖലയില്‍പ്പെട്ട മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ പുതിയ സിലിണ്ടറിന് 200 രൂപ അടച്ചാല്‍ മതി. എപിഎല്‍ കുടുംബങ്ങള്‍ 1,200 രൂപയാണ് അടയ്‌ക്കേണ്ടത്. 12,000 കിലോലിറ്റര്‍ മണ്ണെണ്ണ പുതുതായി കേരളത്തിന് അനുവദിച്ചിട്ടുണ്ട്. ഒക്‌ടോബര്‍-ഡിസംബര്‍ മാസങ്ങളിലെ പൊതുവിതരണ ക്വാട്ടയായ 4,636 കിലോലിറ്ററിന് പുറമെയാണിത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പനമ്പിള്ളി നഗര്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആഗസ്ത് 14 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ധനക്ഷാമം നേരിടാതിരിക്കാന്‍ നടത്തിയ മുന്‍കരുതലുകള്‍ ഫലംകണ്ടു. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ പെട്രോള്‍, ഡീസല്‍, എല്‍പിജി, ഏവിയേഷന്‍ ഫ്യൂവല്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും കഴിഞ്ഞു. മൂന്നാര്‍, വയനാട്, നെല്ലിയാമ്പതി തുടങ്ങിയ മേഖലകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇന്ധനം ഉള്‍പ്പെടെ ഉള്ളവ എത്തിക്കാന്‍ കഴിഞ്ഞു. ഓണവും ഞായറാഴ്ചയും ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ പോലും എല്‍പിജി പ്ലാന്റുകള്‍ തുടര്‍ച്ചയായി മൂന്നുദിവസം 24 മണിക്കൂറും പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എണ്ണക്കമ്പനികള്‍ 25 കോടി നല്‍കി. വെള്ളത്തില്‍ മുങ്ങിയ പെട്രോള്‍ പമ്പുകളില്‍ 90 ശതമാനവും റെക്കോഡ് സമയത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കിയെന്നും മണി വ്യക്തമാക്കി.

Next Story

RELATED STORIES

Share it