പ്രളയം: കേരളത്തിനു ബംഗാളില്‍ നിന്നൊരു കൈത്താങ്ങ്

കൊച്ചി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ ചേര്‍ത്തുപിടിക്കാ ന്‍ പശ്ചിമ ബംഗാളിലെ മലയാളി കൂട്ടായ്മയും. 'വിത്ത് ലൗ ഫ്രം കൊല്‍ക്കത്ത' എന്ന സ്റ്റിക്ക ര്‍ പതിച്ച നിരവധി ചരക്കുകളാണ് അവിടെ നിന്നു കേരളത്തിലെത്തുന്നത്. മൂവാറ്റുപുഴ സ്വദേശിയും മുന്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലാ കലക്ടറുമായിരുന്ന ഡോ. പി ബി സലീമിന്റെ നേതൃത്വത്തിലാണ് കൊല്‍ക്കത്തയില്‍ നിന്നു കേരളത്തിലേക്ക് സഹായം എത്തുന്നത്. പശ്ചിമ ബംഗാള്‍ ഗവണ്‍മെന്റ് സെക്രട്ടറിയും മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ആന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാനുമാണ് ഇദ്ദേഹം. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകളുടെ യോഗം അടിയന്തരമായി വിളിച്ചുചേര്‍ത്ത് സലീം ദുരന്തത്തില്‍ കേരളത്തിന് പരമാവധി സഹായം എത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നു പറഞ്ഞു. മുമ്പ് പശ്ചിമ ബംഗാളിലെ തന്നെ ദക്ഷിണ പര്‍ഗാനാസ്, നദിയ ജില്ലകളില്‍ ജില്ലാ കലക്ടറായിരുന്നപ്പോഴുള്ള ബന്ധങ്ങള്‍ ഡോ. പി ബി സലീമിനു സഹായകമായി. ഒന്നര കോടിയോളം രൂപയുടെ വിഭവം ഇത്തരത്തില്‍ സമാഹരിച്ചു. തുടര്‍ന്ന് ഡല്‍ഹി റെയില്‍വേ ബോര്‍ഡുമായി ബന്ധപ്പെട്ട് പ്രത്യേക ചരക്കുവണ്ടികളുടെ ഏഴു ബോഗികളില്‍ കോഴിക്കോട്ടേക്കും രണ്ടു കപ്പലുകളിലായി കൊച്ചിയിലേക്കും സാധനങ്ങള്‍ അയച്ചു. പ്രളയം തുടങ്ങിയ ഉടനെത്തന്നെ മരുന്നുകള്‍ വിമാനമാര്‍ഗം തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. അടിയന്തര സന്ദര്‍ഭങ്ങളില്‍ സഹായം എത്തിക്കുന്നതിന് ഏയ്ഞ്ചല്‍സ് എന്ന സന്നദ്ധ സംഘടന വഴിയാണ് സാധനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. ദുരിതത്തില്‍ ഒപ്പം നിന്നു കാര്യങ്ങള്‍ ചെയ്യുന്നതിനു പകരമാവില്ലെങ്കിലും ബംഗാളിലുള്ളവരുടെ കരുതല്‍ സ്വന്തം നാടിന്റെ കണ്ണീരൊപ്പുന്നതില്‍ സന്തോഷമുണ്ടെന്ന് ഡോ. പി ബി സലീം പറഞ്ഞു. കൊല്‍ക്കത്തയിലെ മലയാളികളെല്ലാം മുന്‍ കലക്ടറുടെ ആഹ്വാനപ്രകാരം കൈമെയ് മറന്നു രംഗത്തിറങ്ങി. 200 ടണ്ണോളം സാധനങ്ങളാണ് രണ്ടാഴ്ചത്തെ പ്രയത്‌നത്തിലൂടെ സമാഹരിക്കുകയും വിവിധ മാര്‍ഗങ്ങളിലൂടെ കയറ്റിയയക്കുകയും ചെയ്തത്. മുന്നോട്ടുള്ള ആവശ്യങ്ങള്‍ മനസ്സിലാക്കി കൊല്‍ക്കത്തയില്‍ നിന്നു സ്‌നേഹം ഇനിയും ഒഴുകും എന്നുതന്നെയാണ് കേരളത്തോട് ഈ പ്രവാസി മലയാളികള്‍ പറയുന്നത്.

Next Story

RELATED STORIES

Share it