പ്രളയം: കേന്ദ്ര സഹായം വര്‍ധിപ്പിക്കണം- ഗുലാം നബി ആസാദ്‌

കൊച്ചി: കേരളത്തിലുണ്ടായ പ്രളയം കശ്മീരിലുണ്ടായ പ്രളയത്തിനു സമാനമാണെന്നും പ്രളയദുരിതം നേരിടാന്‍ കേരളത്തിനു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം ഒരു ജില്ലയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു പോലും തികയില്ലെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഗുലാം നബി ആസാദ്.
എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിനുള്ള സഹായധനം വര്‍ധിപ്പിക്കണമെന്നും ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയദുരിതങ്ങള്‍ വിതച്ച ആലുവ ദേശം പൊറയാര്‍ വിരുത്തി കോളനി, കീഴ്മാട് കുട്ടമശ്ശേരി സ്‌കൂള്‍, കുന്നുകരയില്‍ പള്ളിമേട തകര്‍ന്ന് അഞ്ചുപേര്‍ മരിച്ച സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം ജനങ്ങളെ ആശ്വസിപ്പിച്ചു. പറവൂര്‍ ചേന്ദമംഗലത്തെ കുറുമ്പത്തുരുത്തിയിലെ തകര്‍ന്ന വീടുകളും ദുരിതബാധിത പ്രദേശങ്ങളും ഗുലാം നബി സന്ദര്‍ശിച്ചു. ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കണമെന്ന് അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് ഒപ്പമുണ്ടാവുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി.
ഇന്നു രാവിലെ എട്ടരയ്ക്ക് കൊച്ചിയില്‍ നിന്നു കോഴിക്കോട്ടേക്ക് തിരിക്കും. 11:30ന് മലപ്പുറം കൊണ്ടോട്ടിയില്‍ ചെറുകാവില്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് മലപ്പുറം ഉറുങ്ങാട്ടറിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം വൈകീട്ട് മൂന്നിന് നിലമ്പൂരിലെ ചാലിയാറില്‍ ദുരിതബാധിതരെ നേരില്‍ കാണും. നാളെ ഡല്‍ഹിക്ക് മടങ്ങും.

Next Story

RELATED STORIES

Share it