പ്രത്യക്ഷ സമരവുമായി ലത്തീന്‍ സഭ

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട മല്‍സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ലത്തീന്‍ കത്തോലിക്കാ സഭ സമരത്തിനൊരുങ്ങുന്നു.  ഈ മാസം 11നു ലത്തീന്‍ സഭ രാജ്ഭവന്‍ മാര്‍ച്ച് നടത്തും. വേണ്ടിവന്നാല്‍ മൃതദേഹങ്ങളുമായി സെക്രട്ടേറിയറ്റ് വളയുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, സൈനിക വിമാനങ്ങള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഇതുവരെ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് അതിരൂപതാ ഭാരവാഹികള്‍ പറഞ്ഞു. ദുരന്തത്തിനു പിന്നാലെ ഉയര്‍ന്ന എതിര്‍പ്പുകളും പ്രതിഷേധങ്ങളും ശമിപ്പിക്കാന്‍ ലത്തീന്‍ സഭാ നേതൃത്വവുമായി സര്‍ക്കാര്‍ ഇന്നലെ അനുരഞ്ജനത്തിനു ശ്രമിച്ചിരുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ഇ ചന്ദ്രശേഖരനും സഭാ ആസ്ഥാനത്തെത്തി ആര്‍ച്ച് ബിഷപ് സൂസെപാക്യത്തെ കണ്ടു. നഷ്ടപരിഹാര പാക്കേജില്‍ അപാകത ഉണ്ടെങ്കില്‍ പരിഹരിക്കുമെന്ന് മന്ത്രിമാര്‍ കൂടിക്കാഴ്ചയില്‍ ഉറപ്പു നല്‍കി. സൗജന്യ റേഷന്‍ ലഭിക്കാത്തവര്‍ക്ക് ധനസഹായം നല്‍കണമെന്ന് സഭാനേതൃത്വം മന്ത്രിമാരോടും ആവശ്യപ്പെട്ടു. കേന്ദ്രസഹായം ഉറപ്പാക്കാന്‍ സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന ആവശ്യവും നേതൃത്വം മുന്നോട്ടുവച്ചു. എന്നാല്‍, സര്‍വകക്ഷി സംഘത്തെ അയക്കേണ്ടതില്ലെന്ന സര്‍വകക്ഷി യോഗതീരുമാനം വന്നതോടെ സമരവുമായി മുന്നോട്ടുപോവാന്‍ സഭ തീരുമാനിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it