പ്രതിഷേധാഗ്നിയില്‍ പെരുമ്പാവൂര്‍

പെരുമ്പാവൂര്‍: ദലിത് നിയമവിദ്യാര്‍ഥിനി ജിഷയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ നടത്തിയ പ്രകടനങ്ങളില്‍ പ്രതിഷേധം ആര്‍ത്തിരമ്പി. ചേരമന്‍ ഡെവലപ്‌മെന്റ് സാംബവര്‍ സൊസൈറ്റിയുടെ പ്രതിഷേധത്തിനിടയില്‍ പോലിസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധസമരങ്ങളും പ്രകടനങ്ങളും പെരുമ്പാവൂര്‍ നഗരത്തെ നിശ്ചലമാക്കി. കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഒരാഴ്ചയായി പെരുമ്പാവൂരില്‍ പ്രതിഷേധം അലയടിക്കുകയാണ്.
ദലിത് സംഘടനകള്‍ പെരുമ്പാവൂരില്‍ വന്‍ പ്രതിഷേധ സമരങ്ങളാണു സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. കെപിഎംഎസ്, ചേരമന്‍ ഡെവലപ്‌മെന്റ് സാംബവര്‍ സൊസൈറ്റി, കെപിഎംഎഫ്, വിവിധ വിദ്യാര്‍ഥി സംഘടനകള്‍, സ്ത്രീ സംഘടനകള്‍, സാമൂഹികപ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ എന്നിവരാണ് ഇന്നലെ പെരുമ്പാവൂരില്‍ പ്രതിഷേധവുമായി എത്തിയത്.
ചേരമന്‍ ഡെവലപ്‌മെന്റ് സാംബവര്‍ സൊസൈറ്റി നടത്തിയ പ്രതിഷേധമാര്‍ച്ചിനിടെ പെരുമ്പാവൂര്‍ ഗാന്ധി സ്‌ക്വയറിന് സമീപമാണ് പോലിസുമായി ഉന്തും തള്ളുമുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് എആര്‍ ക്യാംപിലെ പോലിസുദ്യോഗസ്ഥനെ പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധസമരക്കാര്‍ കാലടി ജങ്ഷന്‍ ഉപരോധിച്ച് ധര്‍ണ നടത്തി. സമരത്തെത്തുടര്‍ന്ന് ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
ഗതാഗതക്കുരുക്കുകൊണ്ട് വീര്‍പ്പുമുട്ടുന്ന പെരുമ്പാവൂര്‍ നഗരത്തെ തീര്‍ത്തും നിശ്ചലമാക്കിയാണു നഗരത്തില്‍ രാവിലെമുതല്‍ നടന്ന പ്രതിഷേധ സമരങ്ങള്‍ നടന്നത്. വൈകീട്ടും വന്‍ ഗതാഗതക്കുരുക്കാണു നഗരം അനുഭവിച്ചത്.
Next Story

RELATED STORIES

Share it