പ്രതിഷേധക്കൂട്ടായ്മയ്ക്കു വേണ്ടി ഒരു കുറിപ്പ്‌

ജെ ദേവിക
കേന്ദ്രത്തില്‍ മോദിസര്‍ക്കാര്‍ ഭരണത്തില്‍ വന്നതിനുശേഷം നരകത്തിന്റെ വാതായനങ്ങള്‍ ഒന്നൊന്നായി പിളരുകയും അവ നമ്മെ വിഴുങ്ങുകയും മഹാപാതകങ്ങള്‍ക്ക് നിസ്സഹായരായ ദൃക്‌സാക്ഷികളാവുക എന്ന അപാര പരീക്ഷണത്തിനു നാം വിധേയരാവുകയും ചെയ്തിരിക്കുന്നു. നിരര്‍ബുദനരകവും അര്‍ബുദനരകവും പലവട്ടം നാം കടന്നിരിക്കുന്നു. മാട്ടിറച്ചിയുടെ പേരിലും പിറന്നുപോയ ജാതിയുടെയും മതത്തിന്റെയും പേരിലും നിരപരാധികളായ മനുഷ്യര്‍ ഇവിടങ്ങളിലേക്കു വലിച്ചെറിയപ്പെടുന്നു.
നീതി തേടി വൈകുണ്ഠത്തിന്റെ പടിവാതില്‍ക്കല്‍ ആകാംക്ഷ മാത്രമായി ഊറിയുറഞ്ഞുപോയ പരേതാത്മാക്കളെപ്പോലെ സുപ്രിംകോടതിയുടെ പടിക്കല്‍ ഉഴറിനിന്നത് ഹാദിയക്കു നീതിക്കായി പോരാടിയവരാരും മറന്നുകാണാനിടയില്ല.
രാജ്യത്ത് ഉന്നതജാതികളായി ചമയുന്നവരുടെ പെണ്‍മക്കളെ അച്ഛന്റെയും പുരുഷബന്ധുക്കളുടെയും സ്വജാതിയില്‍പ്പെട്ടവരായ ദുഷ്ടന്മാരുടെയും പെരുമാറ്റസാധനമായി ചവിട്ടിത്താഴ്ത്തുന്നു. ജാതിവ്യവസ്ഥയുടെ കീഴ്ത്തട്ടുകളില്‍ അകപ്പെട്ടുപോയവരുടെ പെണ്‍മക്കളെ ഏതുവിധത്തിലും എപ്പോള്‍ വേണമെങ്കിലും ഉന്നതജാതി പുരുഷന്മാരുടെ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാവുന്ന വെറും ദ്രവ്യമായി കണക്കാക്കുന്നു. ബ്രാഹ്മണദണ്ഡ നീതിയിലേക്കുള്ള മടങ്ങിപ്പോക്കാണ് കാണുന്നത്.
കേരളത്തില്‍ അല്‍പ്പനാളുകള്‍ മുമ്പ് ദലിത് യുവാവിനെ ജീവിതപങ്കാളിയാക്കാന്‍ തീരുമാനിച്ച മകളെ വെട്ടിനുറുക്കിയിട്ട് അഭിമാനത്തോടെ നിന്ന ആ പിതാവും നാടോടിബാലികയെ സങ്കല്‍പാതീതമായ രീതിയില്‍ പീഡിപ്പിച്ചുകൊന്ന ജമ്മുവിലെ ആ ഗ്രാമപ്രമുഖരുമെല്ലാം ഈ ബ്രാഹ്മണദണ്ഡനീതിയുടെ ചട്ടുകങ്ങളാണ്. ആരാണ് ഇവര്‍ക്കു ധൈര്യം പകരുന്നത്? യാതൊരു സംശയവുമില്ല, മോദിയും കൂട്ടരും തന്നെ. മകള്‍ സ്‌നേഹിച്ച ദലിതനോടുള്ള പക അവളുടെ ശരീരത്തോടു തീര്‍ത്ത ആ പരമദ്രോഹി സംഘപരിവാരക്കാരനല്ലായിരിക്കാം. പക്ഷേ, പെണ്‍മക്കള്‍ തങ്ങളുടെ വരുതിക്കു മാത്രം നില്‍ക്കേണ്ട അടിമകളാണെന്ന ബോധത്തെ ഇത്രയധികം വളര്‍ത്തിയത് സംഘപരിവാരവും അവരെ പിന്താങ്ങുന്നവരുമാണ്.
ദലിതുകളും ആദിവാസികളും സാമൂഹികാഭിജാത്യത്തിനു പുറത്തുനില്‍ക്കുന്നവരായ എല്ലാ ജനങ്ങളും ഇന്ന് നിരന്തരം ശിക്ഷിക്കപ്പെടുകയാണ്;  പ്രത്യേകിച്ചും സ്ത്രീകളും പെണ്‍കുട്ടികളും . ഇന്നു കാണുന്നത് ഇന്ത്യന്‍ ഭരണഘടന ഇടയ്ക്കു നല്‍കിയ ആ ചെറിയ പ്രതീക്ഷയെപ്പോലും തല്ലിക്കെടുത്താനുള്ള കുടിലശ്രമമാണ്.
ദുഷ്ടന്മാരുടെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കെതിരേ നാം കരുതിയിരിക്കുക. നിങ്ങള്‍ എന്തിന് ഹിന്ദുക്കളെ കുറ്റപ്പെടുത്തുന്നു- ചിലര്‍ ചോദിക്കുന്നു. ജമ്മുവില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ പണിപ്പെടുന്നത് ഹിന്ദുക്കളല്ലേ. ഇവിടെ ഹിന്ദുക്കളെല്ലാം കുറ്റക്കാരാണെന്ന് ആരും പറഞ്ഞില്ല. കുറ്റക്കാര്‍ ഹിന്ദുക്കളാവാന്‍ സാധ്യതയുണ്ടെന്ന് കണ്ടമാത്രയില്‍ ദേശീയപതാകയുമേന്തി പേരില്‍ കുറ്റാരോപിതര്‍ക്കു വേണ്ടി രംഗത്തിറങ്ങിയ കശ്മലന്‍മാരെ മാത്രമേ ഇവിടെ കുറ്റപ്പെടുത്തിയിട്ടുള്ളൂ. കേസില്‍ പ്രതികളാക്കപ്പെട്ടവരായിരിക്കില്ല യഥാര്‍ഥ പ്രതികളെന്ന് വീണ്ടും വീണ്ടും ബിജെപി വക്താക്കള്‍ സൂചിപ്പിക്കുന്നത് എന്തുകൊണ്ടാണ്?
രൗദ്രഹനുമാന്റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരേ സംസാരിച്ചപ്പോള്‍ ചിലര്‍ ചോദിച്ചു: മതചിഹ്നങ്ങള്‍ മുസ്‌ലിം-ക്രിസ്തീയ സമുദായക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത് നിങ്ങള്‍ക്കു പ്രശ്‌നമല്ലല്ലോ. മതചിഹ്നങ്ങള്‍ പൊതു ഇടങ്ങളില്‍ പാടില്ലെന്നു പറയുന്ന മതേതരരുണ്ട്. ആ കൂട്ടത്തില്‍ ഞാനില്ല. പക്ഷേ, അക്രമാസക്തമായ മതചിഹ്നങ്ങള്‍ ആര്‍ക്കും നന്നല്ല. രൗദ്രഹനുമാനെ ഇവിടേക്കു ക്ഷണിക്കാന്‍ എന്താ, കത്തിച്ചും കൊന്നും ചാരമാക്കേണ്ട ലങ്കാപുരിയാണോ കേരളം?
മലയാളികളായ ഹിന്ദുസ്ത്രീകളോട് ചിലത് ചോദിക്കട്ടെ: അടുത്തിടെ ഏറ്റവുമധികം മതപ്രഭാഷണങ്ങള്‍ക്കു വിധേയരായ കൂട്ടരാണല്ലോ നിങ്ങള്‍. ഞാന്‍ ഹിന്ദുമതത്തെപ്പറ്റി പഠിച്ചതെല്ലാം ഭക്തയായ മുത്തശ്ശിയില്‍ നിന്നാണ്. ഈശ്വരനെ കാണാന്‍ ഓരോ നിമിഷവും കാത്തുനിന്ന ഒരു വയോധികയായിരുന്നു അവര്‍.
അതൊന്നുമല്ല ഇപ്പോഴത്തെ മതപ്രസംഗങ്ങളില്‍ എന്നറിയാം. വിശ്വാസമെന്നതിനെ മതത്തില്‍ നിന്ന് അടര്‍ത്തിമാറ്റിക്കൊണ്ടുള്ള പോര്‍വിളികളെയാണ് ഹിന്ദുത്വം ഹിന്ദുമതമായി അവതരിപ്പിക്കുന്നത്. ഹിന്ദുസമുദായത്തില്‍ ജനനം കൊണ്ടു മാത്രം കയറിപ്പറ്റിയ പ്രമാണിമാര്‍ക്കു വേണ്ടി ഹിന്ദുമതത്തെ മറയായി ഉപയോഗിക്കാന്‍ യാതൊരു മടിയുമില്ലാത്ത ഒരു കൂട്ടമാണ് ഇന്ന് ഹിന്ദുമതത്തിന്റെ രക്ഷകസ്ഥാനത്തേറിയിരിക്കുന്നത്. ആറ്റുകാല്‍ ക്ഷേത്രത്തിലെ ശാന്തമൂര്‍ത്തിയെ- കൊച്ചുപെണ്‍കുട്ടിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്ന് ഐതിഹ്യമുള്ള ഭഗവതിയെ- പ്രാര്‍ഥിക്കാന്‍ വര്‍ഷത്തിലൊരിക്കല്‍ തിരുവനന്തപുരത്തെത്തുന്ന ലക്ഷക്കണക്കിനു ഹിന്ദുസ്ത്രീകളെ ഒരു ക്ഷേത്രത്തില്‍ വച്ച്, അതും ദേവീക്ഷേത്രത്തില്‍ വച്ച്, ഒരു കൊച്ചുപെണ്‍കുട്ടി അനുഭവിച്ച വര്‍ണാതീതമായ പീഡനത്തിന്റെ വാര്‍ത്ത അടിമുടി ഉലയ്‌ക്കേണ്ടതല്ലേ? അതിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ല എന്നത് നമ്മെ ഭയപ്പെടുത്തേണ്ടതാണ്.
ജമ്മുവിലെ കേസിലും രാജസ്ഥാനില്‍ പാവപ്പെട്ട ഒരു ബംഗാളി തൊഴിലാളിയെ വധിച്ച കൊടുംക്രൂരതയിലും, ഇവര്‍ ഉപയോഗിച്ചത് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെയാണ്. എത്രത്തോളം വിഷമാണ് ഇങ്ങനെ അന്ധരാക്കപ്പെട്ട ചെറുപ്പക്കാര്‍ക്കുള്ളില്‍ എന്നതിനെക്കുറിച്ചുള്ള സൂചനയാണ് വിഷ്ണു നന്ദകുമാര്‍ എന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് സന്ദേശത്തില്‍.
അവസാനമായി, പച്ചയ്ക്കു തീവച്ചുകൊല്ലും, ബലാല്‍സംഗം ചെയ്യും, കുടുംബത്തെ ഉന്മൂലനം ചെയ്യും എന്നൊക്കെ ഭീഷണിപ്പെടുത്തുന്ന ഹിന്ദുത്വവാദികളോട് ഞാന്‍ പറയുന്നു: നിങ്ങള്‍ ഭഗവത്ഗീത വായിക്കാന്‍ അല്‍പ്പമൊന്നു മെനക്കെടൂ. 'നൈനം ഛിന്ദതി ശസ്ത്രാണി, നൈനം ദഹതി പാവകഃ' എന്നു ചിന്തിക്കൂ.              ി

ജമ്മുവില്‍ നടന്ന കൊടുംപാതകത്തില്‍ പ്രതിഷേധിക്കാനും നാടോടി സഹോദരങ്ങളോട് മാപ്പിരക്കാനും  ഇന്ന്  തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സ്ത്രീകളുടെ ഉപവാസം-–രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ.
Next Story

RELATED STORIES

Share it