പ്രതിഷേധക്കാര്‍ വിധ്വംസക പ്രവര്‍ത്തന പരിശീലനം ലഭിച്ചവരെന്ന് മന്ത്രി

തിരുവനന്തപുരം: ദേശീയപാത സര്‍വേയുമായി ബന്ധപ്പെട്ട് മലപ്പുറത്തുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരേ ആരോപണങ്ങളുമായി മന്ത്രി ജി സുധാകരന്‍. മേഖലയില്‍ കലാപമുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി മന്ത്രി ആരോപിച്ചു. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം ലഭിച്ചവരാണ് പ്രശ്‌നമുണ്ടാക്കുന്നത്. സ്ഥലവാസികള്‍ അക്രമസമരം ഏറ്റെടുക്കില്ല. ഒരുതുള്ളി ചോരപോലും വീഴ്ത്താന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ല. കലാപമുണ്ടാക്കിയവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
അലൈന്‍മെന്റിന്റെ കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല. പ്രശ്‌നരഹിതമായി പാത വികസിപ്പിക്കാനാണ് ശ്രമം. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണാന്‍ നിയമസഭയും സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തും ദേശീയപാതയില്‍ തീ കത്തിച്ചും എന്താണ് കലാപകാരികള്‍ അവിടെ നടത്താന്‍ ഉദ്ദേശിക്കുന്നതെന്നു കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒരു പ്രകോപനങ്ങളിലും പെടരുതെന്നാണ് ആഭ്യന്തര വകുപ്പ് പോലിസിനു നല്‍കിയ നിര്‍ദേശം. എന്നാല്‍, ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടത് പോലിസിന്റെ ചുമതലയാണ്. ഈ സമീപനം ദൗര്‍ബല്യമായിട്ട് ആരും കാണരുതെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദപ്പെട്ട ജില്ലയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കലാപകാരികളെ ഒറ്റപ്പെടുത്താനുള്ള പരസ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. നിയമാനുസൃതമുള്ള നടപടികളാണ് എടുക്കേണ്ടത്. എന്ത് ബഹളമുണ്ടാക്കിയാലും പോലിസ് വെടിവയ്പുണ്ടാവില്ല. അതിന് ആരും ശ്രമിക്കേണ്ട. എല്ലാ പ്രശ്‌നവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയം ചര്‍ച്ച ചെയ്യുന്നതിനായി 11ന് രാവിലെ 10.30ന് നിയമസഭയിലും പാര്‍ലമെന്റിലും പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ സംയുക്ത യോഗം തിരുവനന്തപുരത്ത് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഡോ. കെ ടി ജലീല്‍, എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് സെക്രട്ടറിയടക്കമുള്ള മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
Next Story

RELATED STORIES

Share it