പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ഡോക്ടര്‍മാര്‍

കോട്ടയം: കോഴിക്കോട്ടും മലപ്പുറത്തും നിപാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യയുടെ കേരള ഘടകം. നിപാ വൈറസ് ബാധ സംബന്ധിച്ച് ഇപ്പോള്‍ പ്രചരിക്കുന്നതുപോലെയുള്ള ആശങ്കയ്‌ക്കോ ഭീതിക്കോ അടിസ്ഥാനമില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ജനം കൂടുതല്‍ ജാഗരൂകരായിരിക്കണമെന്നും അസോസിയേഷന്‍ പ്രസിഡന്റ് ഡോ. കെ വിജയകുമാര്‍, സെക്രട്ടറി ഡോ. ജി ഹരീഷ്‌കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മലപ്പുറത്തും കോഴിക്കോട്ടും നിപാ സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിച്ചിട്ടില്ല. എങ്കിലും എല്ലാ ആശുപത്രികളിലും പ്രത്യേക കമ്മിറ്റി രൂപീകരിച്ച് പ്രതിരോധനടപടികള്‍ സ്വീകരിച്ചുവരികയാണ്. ആശുപത്രികളില്‍ രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമാണ് രോഗം വരാനുള്ള കൂടുതല്‍ സാധ്യതകള്‍. അതുകൊണ്ട് ഇത്തരക്കാര്‍ മൂന്ന് അറകളുള്ള പ്രത്യേക മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ജലദോഷപ്പനിയുമായെത്തുന്നവര്‍ക്ക് ശ്വാസംമുട്ടലോ പരസ്പരവിരുദ്ധമായ സംസാരമോ പെരുമാറ്റമോ കണ്ടാല്‍ കൂടുതല്‍ പരിശോധന ആവശ്യമാണ്. തലച്ചോറിനെ പെട്ടെന്ന് ബാധിക്കുന്ന വൈറസായതിനാലാണ് രോഗി പെട്ടെന്ന് അബോധാവസ്ഥയിലേക്ക് പോവുന്നത്. വൈറസ് ബാധയേറ്റ രോഗി ചുമച്ചാല്‍ ഒരു മീറ്ററിനുള്ളിലുള്ളവര്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ട്. രോഗിയുടെ കഫം, മൂത്രം, ഉമിനീര്‍ എന്നിവയിലൂടെയെല്ലാം രോഗം പകരും. എന്നാല്‍, തൊട്ടടുത്ത മുറികളിലുള്ളവര്‍ക്ക് വൈറസ്ബാധയേല്‍ക്കണമെന്നില്ല. നിപാ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് കേരളത്തില്‍ മതിയായ സൗകര്യങ്ങളില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. രോഗിയുടെ സാംപിള്‍ മണിപ്പാലില്‍ അയച്ചാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. ഇതു ലഭിക്കാന്‍ നാലുദിവസം വേണ്ടിവരും. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. അതിനു സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കാണണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it