പ്രതിപക്ഷ പ്രതിഷേധം രാഷ്ട്രീയ ലക്ഷ്യത്തോടെ: പി പി തങ്കച്ചന്‍

കൊച്ചി: തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സോളാര്‍ പ്രശ്‌നം രാഷ്ട്രീയലക്ഷ്യത്തോടെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ബിജു രാധാകൃഷ്ണന്‍ യാതൊരു തെളിവുമില്ലാതെ നടത്തിയ ആരോപണത്തെ കൂട്ടുപിടിച്ചാണ് പ്രതിപക്ഷം ഈ നീക്കം നടത്തുന്നത്. മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും തകര്‍ക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തെ ശക്തമായി എതിര്‍ക്കും. ഇതിന്റെ ഭാഗമായി ജില്ലകള്‍ കേന്ദ്രീകരിച്ച് യുഡിഎഫിന്റെ വിശദീകരണ യോഗങ്ങള്‍ അടുത്തയാഴ്ചമുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികാരേച്ഛയോടെയുള്ള പ്രവര്‍ത്തനമാണ് പ്രതിപക്ഷം നടത്തുന്നത്. യുഡിഎഫും പ്രതികാരത്തോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ പല ഇടതുപക്ഷ മന്ത്രിമാരും മക്കളും ജയിലില്‍പോവേണ്ടി വരുന്ന സാഹചര്യമുണ്ടാവും. അത്തരം വ്യക്തിഹത്യക്ക് യുഡിഎഫ് കൂട്ടുനില്‍ക്കില്ലെന്നും തങ്കച്ചന്‍പറഞ്ഞു.
സിഡികള്‍ ഹാജരാക്കാന്‍ ബിജു രാധാകൃഷ്ണന് എന്താണിത്ര തടസ്സമുള്ളത്. 15 ദിവസം സമയം ചോദിച്ചപ്പോള്‍ തന്നെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. മാണിക്കും ബാബുവിനും എതിരായി പ്രതിപക്ഷം സമരം നടത്തിയത് ബാര്‍ മുതലാളിമാരെ കൂട്ടുപിടിച്ചായിരുന്നു. ഇത് നടക്കാതെ വന്നപ്പോഴാണ് മുഖ്യമന്ത്രിക്കു നേരെ തിരിഞ്ഞത്. ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ ജനാധിപത്യ വിശ്വാസികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it