wayanad local

പ്രതികള്‍ക്ക് ഒരുവര്‍ഷം തടവും പിഴയും

മാനന്തവാടി: ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ചോടിയ കേസില്‍ പ്രതികള്‍ക്ക് ഒരുവര്‍ഷം തടവും 5000 രൂപ പിഴയും ശിക്ഷ. സുല്‍ത്താന്‍ ബത്തേരി കല്ലുവയല്‍ വളപ്പില്‍ ഇസ്രത്ത് (25), കോളിയാടി കോലകംചിറ അനൂപ് (25) എന്നിവരെയാണ് മാനന്തവാടി കോടതി ശിക്ഷിച്ചത്. പടിഞ്ഞാറത്തറ സ്‌റ്റേഷന്‍ പരിധിയില്‍ തിരുമംഗലത്ത് 2016 സപ്തംബറില്‍ വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്ന കേസിലാണ് ശിക്ഷ. സുല്‍ത്താന്‍ ബത്തേരി, വൈത്തിരി പോലിസ് സ്‌റ്റേഷനുകളില്‍ സമാന രീതിയിലുള്ള കേസുകളില്‍ പ്രതികളായിരുന്ന ഇരുവരും ഇതിനു മുമ്പും ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. പച്ചക്കറി തോട്ടത്തില്‍ നിന്നു വീട്ടിലേക്ക് പോവുന്ന വഴി റോഡില്‍ വച്ചാണ് വീട്ടമ്മയുടെ സ്വര്‍ണമാല പ്രതികള്‍ കവര്‍ന്നത്. തുടര്‍ന്ന് പൊഴുതന ഭാഗത്തേക്ക് ഇരുവരും രക്ഷപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ പോലിസ് കേസെടുത്തു. അടുത്ത ദിവസങ്ങളിലായി വൈത്തിരിയിലും സുല്‍ത്താന്‍ ബത്തേരിയിലും യുവാക്കള്‍ക്കെതിരേ സമാന രീതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ദിവസങ്ങള്‍ക്കു ശേഷം നമ്പര്‍ പ്ലേറ്റും മറ്റ് രേഖകളുമില്ലാതെ മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഇരുവരെയും വൈത്തിരി ടൗണില്‍ വച്ചാണ് പോലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് കല്‍പ്പറ്റ കോടതി ഇരുവരെയും ശിക്ഷിച്ചു. പടിഞ്ഞാറത്തറ കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം മാനന്തവാടി കോടതി പ്രതികളെ ശിക്ഷിച്ചത്.
Next Story

RELATED STORIES

Share it