Kottayam Local

പോള വര്‍ധനവ്‌ : വേമ്പനാട്ട് കായലില്‍ സുരക്ഷിത യാത്രയ്ക്കും വള്ളങ്ങള്‍ക്കും ഭീഷണിയാവുന്നു

വൈക്കം: വേമ്പനാട്ട് കായലില്‍ അമിതമായി പോള ഒഴുകി എത്തുന്നതിനാല്‍ ബോട്ടുകളിലെ സുരക്ഷാ യാത്രയും മല്‍സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ക്കും ഭീഷണിയാവുന്നു. ജെട്ടിയില്‍ ബോട്ട് അടുക്കുന്നതിനു പോളയുടെ വര്‍ധനവ് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. വേലിയിറക്ക സമയത്താണ് കൂടുതല്‍ പോളകള്‍ അടിയുന്നത്. ഉച്ചകഴിഞ്ഞുണ്ടാവുന്ന കാറ്റു മൂലവും പോളകള്‍ തീരങ്ങളിലേക്ക് അടിഞ്ഞുകൂടുന്നു. പോളയോടൊപ്പം തന്നെ കായലിലുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അടിയുന്നത് തീരദേശവാസികള്‍ക്കു ബുദ്ധിമുട്ടായിട്ടുണ്ട്്. വൈക്കം തവണക്കടവ് റൂട്ടില്‍ നിലവിലുള്ള പഴകിയ ബോട്ടുകളാണ് പോളയ്ക്കു നടുവിലൂടെ സര്‍വീസ് നടത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ ബോട്ടായ ആദിത്യ ബോട്ട് ഈ പോളകള്‍ക്കിടയിലൂടെ വേണം ജെട്ടിയില്‍ എത്തിച്ചേരാന്‍. ഇതുമൂലം ഇരട്ടി ഊര്‍ജം സോളാര്‍ ബോട്ടിന് ചെലവഴിക്കേണ്ടി വരുന്നു. ജങ്കാര്‍ സര്‍വീസിനും പോള ഭീഷണിയാവുന്നുണ്ട്. ബോട്ടിനടിയില്‍ ഘടിപ്പിച്ചിരിക്കുന്ന പ്രൊപ്പല്ലറുകള്‍ക്കിടയില്‍ പോളപായല്‍ ചുറ്റിയാല്‍ കറങ്ങാതെ വരുന്നതുമൂലം ബോട്ടിന്റെ മുന്നോട്ടുള്ള ഗതിക്ക് തടസ്സം സംഭവിക്കുന്നതാണ്. കായല്‍പോളകള്‍ സംസ്‌കരിച്ച് പുതിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുമെന്ന് സര്‍ക്കാരുകള്‍ പ്രഖ്യാപനം നടത്തിയെങ്കിലും കായലില്‍ പോളകള്‍ക്ക് ഇന്നും കുറവില്ല. വൈക്കം, ചേര്‍ത്തല, പാണാവള്ളി, പള്ളിപ്പുറം, പൂച്ചാക്കല്‍ ഭാഗങ്ങളിലേക്കുള്ള 100 കണക്കിനു യാത്രക്കാര്‍ കയറിയിറങ്ങുന്ന ജെട്ടികളാണ് വൈക്കം തവണക്കടവിലുള്ളത്. ജലഗതാഗത വകുപ്പിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ഏക സര്‍വീസാണ് വൈക്കം തവണക്കടവ് സര്‍വീസ്. പുതിയ ബോട്ട് വൈക്കം ജെട്ടിയില്‍ ആരംഭിക്കുന്നുവെന്ന് അധികാരികള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നും പഴയ ബോട്ടുകള്‍ തന്നെയാണ് നിലവില്‍ ഇവിടെ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it