ernakulam local

പോള്‍ വാള്‍ട്ടില്‍ ഇന്ത്യക്കു വേണ്ടി വെങ്കലമെഡല്‍ ; കായിക വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായി ജോസഫ് ആന്‍ഡ്രൂസ്



വൈപ്പിന്‍: ജോസഫ് ആന്‍ഡ്രൂസ് ലക്ഷ്യമിട്ടത് ദേശീയ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ പോള്‍വാള്‍ട്ടിലൂടെ  കേരളത്തിന് വേണ്ടി ഒരുസ്വര്‍ണമെഡലായിരുന്നു. പക്ഷെ ആ കടമ്പ വിജയകരമായി പിന്നിട്ട അദ്ദേഹം ചൈനയില്‍ നടന്ന 20-ാമത് ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യക്ക് വേണ്ടി ഒരുവെങ്കല മെഡല്‍ നേടി തന്റെ സ്വപ്‌നം ഇരട്ടി മധുരമുള്ളതാക്കി. എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ കായികാധ്യാപകനായ ജോസഫ് ആന്‍ഡ്രൂസാണ് തന്റെ കുട്ടികള്‍ക്ക് പ്രചോദനമാകാനായി മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റുകളില്‍ പങ്കെടുത്ത് വിജയക്കൊടി പാറിച്ചത്.  ചൈനയിലെ ജിയാങ്‌സുവിലെ റോഗവു ഒളിംപിക്്‌സ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന പോള്‍വാള്‍ട്ട് മത്സരത്തില്‍ 2.60 മീറ്റര്‍ ഉയരം ചാടിയാണ് വെങ്കലമെഡലോടെ രാജ്യത്തിനു വേണ്ടി മൂന്നാംസ്ഥാനം കരസ്ഥമാക്കിയത്. ചൈനീസ്തായ്‌പേയ് താരങ്ങളായ യാങ്മുഹ്യു, യാങ് ചെന്‍ ചുവാങ് എന്നിവരാണ് 40നു മുകളില്‍ പ്രായമുള്ളവരുടെ പോള്‍വാള്‍ട്ടില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത്. 40 പ്ലസ് വിഭാഗത്തില്‍ ഹൈജംപ് മത്സരത്തില്‍ പങ്കെടുത്ത ജോസഫ് ആന്‍ഡ്രൂസ് ഫൈനലില്‍ എത്തിയെങ്കിലും ആറാംസ്ഥാനം നേടാനേ കഴിഞ്ഞുള്ളൂ. മുന്‍ വര്‍ഷങ്ങളില്‍ ദേശീയതലത്തില്‍ വെള്ളി മെഡലുകള്‍ മാത്രമാണ് ജോസഫ് ആന്‍ഡ്രൂസിന് നേടാന്‍ കഴിഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ ഇത്തവണ അദ്ദേഹം കഠിന പരിശീലനത്തില്‍ ഏര്‍പ്പെട്ടു. എല്ലാ ദിവസങ്ങളിലും വൈകീട്ട് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ അദ്ദേഹം പരിശീലനത്തിന് ഇറങ്ങി. ഹൈദരാബാദില്‍ നടന്ന മുപ്പത്തിയെട്ടാമത് ദേശീയ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയതോടെ ഇരിങ്ങാലക്കുടയില്‍ വിദഗ്ധ പരിശീലനത്തിനായി പോവുകയും ചെയ്തു. വരാപ്പുഴ എടമ്പാടം ഇരുമ്പനത്ത് കുടുംബാംഗമായ ജോസഫ് ആന്‍ഡ്രൂവിന്റെ കുടുംബത്തില്‍ സ്‌പോര്‍ട്‌സ് താരങ്ങള്‍ വേറെയുമുണ്ട്. വരാപ്പുഴ എച്ച്‌ഐബിഎച്ച്എസില്‍ കായികാധ്യാപകനായ ഷിന്‍ഡോ സഹോദരനും അന്തര്‍സര്‍വകലാശാലാമീറ്റില്‍ എംജി യൂനിവേഴ്‌സിറ്റിക്കായി ഹൈജംപില്‍ സ്വര്‍ണമെഡല്‍ നേടിയ ജിയോജോസ് സഹോദരപുത്രനുമാണ്.
Next Story

RELATED STORIES

Share it