malappuram local

പോലിസ് സാന്നിധ്യത്തില്‍ കോഡൂരില്‍ ഗെയില്‍ സര്‍വേ തുടങ്ങി



മലപ്പുറം: കോഡൂര്‍, പൊന്മള ഗ്രാമപ്പഞ്ചായത്തുകളിലെ വട്ടപ്പറമ്പ്, ആല്‍പ്പറ്റക്കുളമ്പ്, പാറമ്മല്‍ പ്രദേശങ്ങളില്‍ ഗെയില്‍ വാതകപൈപ്പ് ലൈന്‍ സര്‍വേ ആരംഭിച്ചു. ശക്തമായ പോലിസ് സാനിധ്യത്തിലായിരുന്നു സര്‍വേ നടപടികള്‍. കാര്യമായ പ്രതിഷേധങ്ങളൊന്നുമില്ലാതെ ഉച്ചയോടെ സര്‍വേ അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഭൂവുടമകളെയറിയിക്കാതെ സര്‍വസന്നാഹങ്ങളുമായി സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥ നടപടിയില്‍ ഗെയില്‍ ഇരകളുടെ ജനകീയസമിതി പ്രതിഷേധിച്ചു. ജനങ്ങള്‍ സംഘടിക്കുന്നതുകണ്ട് താല്‍ക്കാലികമായി ഉദ്യോഗസ്ഥര്‍ മടങ്ങിയെങ്കിലും, വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന സര്‍വേക്കെതിരേ കൂടുതല്‍ ശക്തമായി സംഘടിക്കാനും സര്‍വേ തടയുന്നതിനും സമിതി തീരുമാനിച്ചു. ജനപ്രതിനിധികളൊ ഭൂഉടമകളൊ അറിയാതെ ഗെയ്ല്‍, റവന്യൂ ഉദ്യോഗസ്ഥ സംഘം പൊന്മള, കോഡൂര്‍ വില്ലേജ് അതിര്‍ത്തിയില്‍ സര്‍വേ ആരംഭിച്ചതറിഞ്ഞ് പൊതുജനങ്ങളെത്തിയപ്പോഴേക്കും ഉദ്യോഗസ്ഥ സംഘം വലിയാട് ഹരിജന്‍ കോളനിയിലേക്ക് തിരിച്ചു. തുടര്‍ന്ന് സര്‍വേ അവസാനിപ്പിച്ച് തിരിച്ചുപോവുകയാണുണ്ടായത്. ഇരകളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാനോ, ജനങ്ങളെ വിശ്വാസത്തിലെടുക്കാനോ അധികൃതര്‍ തയ്യാറാവാത്തതാണ് ഖേദകരമെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ ചെയര്‍മാന്‍ പാന്തൊടി ബാപ്പുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി, വി മുഹമ്മദ്, പി മാനു സംസാരിച്ചു.
Next Story

RELATED STORIES

Share it