പോലിസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു; മൃതദേഹവുമായി നാട്ടുകാര്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

മരട് (കൊച്ചി): എസ്‌ഐയുടെ മര്‍ദ്ദനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സുഭാഷിന്റെ മൃതദേഹവുമായി പൗരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മരട് ജനമൈത്രി പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഇന്നലെ വൈകീട്ടാണ് മൃതദേഹം ആംബുലന്‍സില്‍ കുണ്ടന്നൂരില്‍ എത്തിച്ചത്.
മൃതദേഹവുമായി പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുന്നത് ഒഴിവാക്കാനായി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പൗരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. കുണ്ടന്നൂരില്‍നിന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവാതെ നാട്ടുകാര്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ രാജി തമ്പി അധ്യക്ഷത വഹിച്ചു. കെ എ ദേവസ്സി, പ്രകാശന്‍, സുബ്രഹ്മണ്യന്‍, പി പി സന്തോഷ്, വി കെ സുവന്‍, അഡ്വ. ടി കെ ദേവരാജന്‍ സംസാരിച്ചു. സംഭവത്തില്‍ 10 ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് പോലിസ് കമ്മീഷണര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
പിന്നീട് വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു വച്ച ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നെട്ടൂര്‍ ശാന്തിവനം ശ്മശാനത്തില്‍ സംസ്‌കരിച്ചു. സുഭാഷിനെ മര്‍ദ്ദിച്ച എസ്‌ഐക്ക് എതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പൗരാവലിയുടെ നേതൃത്വത്തില്‍ കരിദിനമായി ആചരിച്ചു.
Next Story

RELATED STORIES

Share it