പോലിസ് ജോലി തട്ടിപ്പ്: 40 ലക്ഷം രൂപയുടെ ഇടപാടുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി

കായംകുളം: പോലിസ് ജോലി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് 40 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ആര്‍ഭാടജീവിതം നയിക്കുന്നതിനും സ്വര്‍ണവും കാറും വാങ്ങുന്നതിനുമാണ് പ്രതികള്‍ കൂടുതല്‍ തുക ചെലവഴച്ചത്.
കേസുകള്‍ പലതും ഒത്തുതീര്‍പ്പാക്കുന്നതിനായി പല സ്വകാര്യ ബാങ്കുകളിലായി പണയം വച്ചിരുന്ന സ്വര്‍ണവും ബാങ്കിലെ നിക്ഷേപങ്ങളും ക്രൈംബ്രാഞ്ച് കണ്ടെത്തി. ശരണ്യയെ വിശദമായി ചോദ്യംചെയ്തതില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ സീതത്തോട്ടിലുള്ള ഭര്‍ത്താവിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. 32 കേസുകളില്‍ ഓരോ കേസുകളും ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തെളിവെടുപ്പ് നടത്തിവരികയാണെന്നും ആവശ്യം വരുന്ന മുറയ്ക്ക് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ചോദ്യം ചെയ്യാനായി എത്തണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതോടെ ഈ കേസില്‍ ഉള്‍പ്പെട്ട തൃക്കുന്നപ്പുഴ എസ്‌ഐ സന്ദീപ് ചാലക്കുടിയിലെ ധ്യാനകേന്ദ്രത്തില്‍ കയറിക്കൂടിയ ശേഷം മുന്‍കൂര്‍ ജാമ്യത്തിനു ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. കോടതി ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ചിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നാളെ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. എന്നാല്‍, ഇയാള്‍ ഉള്‍പ്പെടെയുള്ള ചിലര്‍ ക്രൈംബ്രാഞ്ചിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. തട്ടിപ്പിനിരയായവരില്‍ പലരും പോലിസില്‍ പരാതി നല്‍കാനെത്തുമ്പോള്‍ ഒത്തുതീര്‍പ്പിനു സഹായിച്ചാണ് തൃക്കുന്നപ്പുഴ സ്റ്റേഷനിലെ പോലിസുകാരനായ റിമാന്‍ഡില്‍ കഴിയുന്ന പ്രദീപ് ശരണ്യയുമായി സുഹൃദ്ബന്ധം സ്ഥാപിച്ചത്.
പിന്നീട് ഇയാളും തട്ടിപ്പിനു ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നു. കോടതിയില്‍ നല്‍കിയ മൊഴിയില്‍ ശരണ്യ ഉറച്ചുനില്‍ക്കുകയാണ.് അതേസമയം, ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ക്രൈംബ്രാഞ്ച് എസ്പി പ്രദീഷ്, ഡിവൈഎസ്പിമാരായ രാധാകൃഷ്ണന്‍, ഇക്ബാല്‍ എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it