ernakulam local

പോലിസ് കടുംപിടുത്തത്തില്‍, എംഎല്‍എയുടെ നിര്‍ദേശങ്ങളും തള്ളും

ആലുവ: റൂറല്‍ എസ്പിയുടെ കടുംപിടുത്തം മൂലം നഗരത്തിലെ ഗതാഗത പരിഷ്‌കാര നിയമങ്ങള്‍ക്ക് മാറ്റമുണ്ടാവാനുള്ള സാധ്യത മങ്ങി. ആലുവയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള റൗണ്ട് ട്രാഫിക് സംവിധാനമാണ് മാറ്റമില്ലാതെതന്നെ തുടരാന്‍ പോലിസ് പച്ചക്കൊടി കാട്ടിയത്.
ഒരാഴ്ചയിലേറെയായി നഗരത്തില്‍ തുടരുന്ന ഗതാഗത പരിഷ്‌കാര നടപടിക്കെതിരേ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിഷ്‌കാരത്തില്‍ ഇളവുകള്‍ അനുവദിക്കുമെന്ന ധാരണ ശക്തിപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ സംവിധാനത്തില്‍ ഒരു മാറ്റവും വേണ്ടന്ന റൂറല്‍ എസ്പിയുടെ തീരുമാനമാണ് ഇതുസംബന്ധിച്ച പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയത്. നഗരത്തിലെ പുതിയ ഗതാഗത പരിഷ്‌കാരം നടപ്പാക്കിയത് എസ്പിയാണെന്ന് എംഎല്‍എയും എംഎല്‍എയാണെന്ന് എസ്പിയും ആരോപിച്ചിരുന്നു.
ഇതിനിടയില്‍ പുതിയ പരിഷ്‌കാരത്തിനെതിരേ ജനരോഷവും ശക്തമായിരുന്നു. ഇതിനെത്തുടര്‍ന്ന് എസ്പിയോടുള്ള നീരസവും പ്രോട്ടോകോളും മാറ്റി വച്ചാണ് കഴിഞ്ഞ ദിവസം പരിഷ്‌കാര നടപടികളില്‍ ഭേദഗതികളുമായി എംഎല്‍എയും നഗരസഭ ചെയര്‍പേഴ്‌സണും എസ്പിയെ സന്ദര്‍ശിച്ചത്. നഗരത്തിലെ പുതിയ പരിഷ്‌കാര നടപടിക്കെതിരേ മനുഷ്യാവകാശ കമ്മീഷനും ശക്തമായി രംഗത്തു വന്നിരുന്നു.
എന്നാല്‍ പരിഷ്‌കാര നടപടികളില്‍ ഒരു മാറ്റവും വേണ്ടെന്നാണ് എസ്പിയുടെ നിലപാട്. ഇതു സംബന്ധിച്ച് ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പരിഷ്‌കാര നടപടികളില്‍ ഒരു മാറ്റവുമുണ്ടാവില്ലെന്നാണ് സൂചന.
പരിഷ്‌കാര നടപടികളില്‍ മാറ്റമുണ്ടാവാത്ത പക്ഷം പ്രക്ഷോഭം ശക്തമാക്കാനാണ് വ്യാപാരികളുടേയും സംയുക്ത സമരസമിതിയുടേയും തീരുമാനം.
Next Story

RELATED STORIES

Share it