പോലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍പേഴ്‌സണ് സ്വതന്ത്ര അധികാരമില്ല

കൊച്ചി: സംസ്ഥാന, ജില്ലാ പോലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍പേഴ്‌സണും അംഗങ്ങള്‍ക്കും പരാതികള്‍ പരിഗണിക്കാന്‍ സ്വതന്ത്രമോ വെവ്വേറെയോ അധികാരമില്ലെന്ന് ഹൈക്കോടതി.  കേരള പോലിസ് ആക്ടിലെ വകുപ്പ് 110 പ്രകാരം ചെയര്‍പേഴ്‌സണും അംഗങ്ങളും കൂട്ടായാണ് പ്രവര്‍ത്തിക്കേണ്ടത്. ഓരോരുത്തര്‍ക്കും പ്രത്യേകം ചുമതല നല്‍കി സര്‍ക്കാര്‍ ചട്ടം കൊണ്ടു വന്നിട്ടില്ല. ഇതിനു വിരുദ്ധമായി കേസുകള്‍ പരിഗണിച്ച് അതോറിറ്റി ഇറക്കിയ ഉത്തരവുകള്‍ സ്വേച്ഛാപരവും നിയമവിരുദ്ധവും അധികാര പരിമിതി മറികടന്നുള്ളതുമാണെന്നും വ്യക്തമാക്കിയ ഹൈക്കോടതി അവയെല്ലാം റദ്ദാക്കി.
പോലിസ് കംപ്ലയിന്റ് അതോറിറ്റി പുറപ്പെടുവിച്ച വിവിധ ഉത്തരവുകളെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. പലപ്പോഴും ചെയര്‍പേഴ്‌സണും അംഗങ്ങളും സ്വന്തം നിലയ്ക്ക് ഉത്തരവിറക്കിയെന്നാണ് ഹരജിക്കാര്‍ പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഈ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന അച്ചടക്ക നടപടികളും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് അടക്കമുള്ള നടപടികളും തല്‍ക്കാലം നിര്‍ത്തിവയ്ക്കണമെന്നും ഹൈക്കോടതി വിധി പറയുന്നു. നിയമപരമായ പുതിയ ഉത്തരവ് വന്നതിന് ശേഷമേ നടപടി ആരംഭിക്കാവൂ. പരാതികള്‍ പോലിസ് കംപ്ലെയിന്റ് അതോറിറ്റി പുതുതായി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. എസ്പി റാങ്കില്‍ താഴെയുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍ പരിഗണിക്കാന്‍ അതോറിറ്റിക്ക് അധികാരമില്ലെന്ന പോലിസ് ഉദ്യോഗസ്ഥരുടെ വാദം കോടതി തള്ളി. ഇത്തരം ഉദ്യോഗസ്ഥരില്‍ ആരോപിക്കപ്പെടുന്ന കുറ്റത്തിന്റെ കാഠിന്യം പരിശോധിക്കാനും നടപടി സ്വീകരിക്കാനും അതോറിറ്റിക്ക് അധികാരമുണ്ടെന്ന് കോടതി ചുണ്ടിക്കാട്ടി.
അതേസമയം, എറണാകുളം ക്യാംപിലേക്ക് പോസ്റ്റിങ്ങ് തേടി വരുന്ന അപേക്ഷകള്‍ സംസ്ഥാന അതോറിറ്റി നിയമപരമായി പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it