wayanad local

പോലിസ് ഉദ്യോഗസ്ഥന്റെ പേരില്‍ ആള്‍മാറാട്ടം: യുവാവ് അറസ്റ്റില്‍

തരുവണ: പോലിസ് ഉദ്യോഗസ്ഥന്റെ പേരില്‍ ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍. വെള്ളമുണ്ട പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന രാജന്റെ പേരില്‍ ആള്‍മാറാട്ടം നടത്തിയ കൊല്ലം കുണ്ടുമണ്‍ രജനി നിവാസ് പി എം രാജീവി(43)നെയാണ് വെള്ളമുണ്ട പോലിസ് അറസ്റ്റ് ചെയ്തത്.
10 ദിവസം മുമ്പ് മദ്യലഹരിയില്‍ അസമയത്ത് തരുവണയിലെ ഒരു സ്ത്രീയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ രാജീവിനെ പിടികൂടി ചോദ്യം ചെയ്തിരുന്നു. അന്ന്, താന്‍ എഎസ്‌ഐ രാജനാണെന്നും കേസന്വേഷണത്തിനായി വന്നതാണെന്നും പറഞ്ഞ് രാജീവ് നാട്ടുകാരെ അസഭ്യം പറയുകയും തുടര്‍ന്ന് കബളിപ്പിച്ച് മുങ്ങുകയായിരുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെ മാനസിക പ്രയാസമുണ്ടായ പശ്ചാത്തലത്തിലാണ് എഎസ്‌ഐ രാജന്‍ പോലിസില്‍ പരാതി നല്‍കിയത്.
സ്ത്രീയുടെ വീട്ടിലെത്തി രാജീവന്‍ മദ്യലഹരിയില്‍ ബഹളമുണ്ടാക്കുകയും സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിഷയത്തില്‍ ഇടപെടുകയുമായിരുന്നു.
അപ്പോഴാണ് താന്‍ വെള്ളമുണ്ട സ്‌റ്റേഷനിലെ എഎസ്‌ഐ രാജനാണെന്നും തിരുവനന്തപുരം സ്വദേശിയായ താനിപ്പോള്‍ നിരവില്‍പ്പുഴ താമസിച്ചുവരികയാണെന്നും ഇയാള്‍ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത്. കേസന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇവിടെ വന്നതെന്നും രാജീവ് നാട്ടുകാരോട് പറഞ്ഞു. പിന്നീട് ഇയാള്‍ തന്ത്രപൂര്‍വം മുങ്ങി. ഈ സംഭവം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചപ്പോഴാണ് എഎസ്‌ഐ രാജന്‍ വിവരം അറിയുന്നത്. ഇതോടെ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടായതായി കാണിച്ച് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് ഐപിസി 419 വകുപ്പ് പ്രകാരം ആള്‍മാറാട്ടത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത വെള്ളമുണ്ട പോലിസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. തിരുവനന്തപുരം സ്വദേശിയും നിര്‍മാണത്തൊഴിലാളിയുമായ ഇയാള്‍ നിലവില്‍ നിരവില്‍പ്പുഴയില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്.
Next Story

RELATED STORIES

Share it