പോലിസ് അസോസിയേഷന്‍ നേതാക്കളുടെ ഫോണ്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം

കൊച്ചി: സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ കേരള പോലിസ് അസോസിയേഷന്‍ മുന്‍ നേതാക്കളുമായി സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ ഒരാഴ്ചയ്ക്കകം അന്വേഷണ കമ്മീഷന്‍ മുമ്പാകെ ഹാജരാക്കണമെന്ന് ഹൈക്കോടതി.
ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ ഫോണ്‍ രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്ന പോലിസ് അസോസിയേഷന്റെ ആവശ്യം നിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് രേഖകള്‍ ലഭ്യമാക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് പോലിസ് അസോസിയേഷനു വേണ്ടി ജനറല്‍ സെക്രട്ടറി സി ആര്‍ അജിത് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. കമ്മീഷന്റെ ഉത്തരവ് സിംഗിള്‍ ബെഞ്ച് റദ്ദാക്കി. അജിത് മുഖേന പോലിസ് അസോസിയേഷന് 20 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു സരിത കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്. ഇക്കാര്യം തെളിയിക്കാന്‍ സരിതയെ എതിര്‍ വിസ്താരം നടത്താന്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് അസോസിയേഷനു വേണ്ടി അജിത് കമ്മീഷനെ സമീപിച്ചു.
കഴിഞ്ഞ അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 40 ലക്ഷത്തിന്റെ കോഴ ആരോപണം ഉയര്‍ന്നിരുന്നുവെന്നും മുന്‍ ഭാരവാഹികളായ സി ആര്‍ ബിജു, സി ടി ബാബുരാജ് എന്നിവരുമായി ചേര്‍ന്ന് സരിത ഗൂഢാലോചന നടത്തിയാണ് ഈ ആരോപണം ഉന്നയിച്ചതെന്നും കമ്മീഷന് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സരിതയുടെയും രണ്ട് മുന്‍ ഭാരവാഹികളുടെയും കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കാനായി സംസ്ഥാന പോലിസ് മേധാവിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഈ വിശദാംശങ്ങള്‍ നല്‍കാന്‍ കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഫോണ്‍കോള്‍ വിശദാംശങ്ങള്‍ കമ്മീഷന്റെ അന്വേഷണവുമായി ബന്ധപ്പെട്ടതല്ലെന്നും പരാതിക്കാര്‍ തന്നെ ബന്ധപ്പെട്ടവരെ സമീപിച്ച് അത് ലഭ്യമാക്കണമെന്നും വ്യക്തമാക്കി കമ്മീഷന്‍ ഉത്തരവ് തള്ളി. ആരോപണവുമായി ബന്ധപ്പെട്ട സത്യാവസ്ത കണ്ടെത്തുന്നതിനും ഇക്കാര്യത്തില്‍ എന്തെങ്കിലും ശുപാര്‍ശ റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെങ്കിലും അസോസിയേഷന്‍ ഉന്നയിച്ച ആവശ്യം പ്രസക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അസോസിയേഷന്‍ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ഗൗരവമുള്ള കാര്യമാണ്. ഇക്കാര്യം അന്തിമ റിപോര്‍ട്ടില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്. ഇതിനായി സരിതയുടെ മൊഴിയുടെയും പോലിസ് അസോസിയേഷന്റെ ആരോപണത്തിന്റെയും സത്യാവസ്ത പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. തുടര്‍ന്ന് ഈ രേഖകളുടെ പ്രാധാന്യത്തെക്കുറിച്ച് കണക്കിലെടുക്കേണ്ടതില്ലെന്ന് നിരീക്ഷിച്ച കോടതി ഡിജിപിയെ കക്ഷി ചേര്‍ക്കുകയും കമ്മീഷന്‍ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it