പോലിസുകാരുടെ അവകാശങ്ങള്‍ കമ്മീഷന്‍ സംരക്ഷിക്കണം: ഡിജിപി രാജേഷ് ദിവാന്‍

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷനെതിരേ വിമര്‍ശനവുമായി ഉത്തരമേഖലാ ഡിജിപിയായിരുന്ന രാജേഷ് ദിവാന്‍. 1986 ബാച്ച് കേരളാ കേഡര്‍ ഉദ്യോഗസ്ഥനായ രാജേഷ് ദിവാന്‍ ഐപിഎസ് ഇന്നലെ സര്‍വീസില്‍ നിന്നും വിരമിച്ചിരുന്നു. വിരമിക്കല്‍ ചടങ്ങിനോട് അനുബന്ധിച്ച് തലസ്ഥാനത്ത് പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ ഇന്നലെ രാവിലെ പോലിസ് സേന നല്‍കിയ പരേഡിനിടെയാണ് മനുഷ്യാവകാശ കമ്മീഷന്റെ നിലപാടുകളെ വിമര്‍ശിച്ച് ഡിജിപി രാജേഷ് ദിവാന്റെ പരാമര്‍ശം.
പോലിസുകാരുടെ അവകാശങ്ങള്‍ കൂടി മനുഷ്യാവകാശ കമ്മീഷന്‍ സംരക്ഷിക്കണമെന്ന് രാജേഷ് ദിവാന്‍ പറഞ്ഞു. സംസ്ഥാനത്ത് മനുഷ്യാവകാശ കമ്മീഷനും പോലിസ് കംപ്ലയിന്റ് അതോറിറ്റിയും ഉണ്ടെങ്കിലും പോലിസുകാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല. പോലിസുകാരുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാവണം. മനുഷ്യാവകാശ കമ്മീഷന്‍ തെറ്റുകള്‍ മാത്രം കാണാതെ പോലിസുകാരുടെ പ്രശ്‌നങ്ങള്‍ കൂടി മനസ്സിലാക്കണം.
പോലിസ് സേനയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ശ്രമിക്കണം. രാജ്യത്തെ മികച്ച പോലിസ് സേനയില്‍ പ്രവര്‍ത്തിക്കാനായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2017 ജനുവരിയിലാണ് രാജേഷ് ദിവാന്‍ ഉത്തരമേഖലാ ഡിജിപിയായി ചുമതലയേല്‍ക്കുന്നത്. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചിട്ടും എഡിജിപി റാങ്കില്‍ ഉത്തരമേഖലയില്‍ നിയമിച്ചതിനെതിരേ അദ്ദേഹം ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.
ഡിജിപി പദവി പുനസ്ഥാപിച്ചു നല്‍കാതെ ഉത്തരമേഖലയില്‍ ചുമതലയേല്‍ക്കില്ലെന്ന കടുത്ത നിലപാട് രാജേഷ് ദിവാന്‍ സ്വീകരിച്ചതോടെ സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു.  അതേസമയം, രാജേഷ് ദിവാന്‍ സര്‍വീസില്‍നിന്ന് വിരമിച്ചതോടെ അദ്ദേഹം നേതൃത്വം നല്‍കിവന്ന സോളാര്‍ തുടരന്വേഷണം അനിശ്ചിതത്വത്തിലായി.
ദിവാന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ട് അഞ്ചരമാസം കഴിഞ്ഞിട്ടും ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Next Story

RELATED STORIES

Share it