പോലിസിന് മനുഷ്യസ്‌നേഹത്തേക്കാള്‍ മൃഗസ്‌നേഹം ആവശ്യമില്ല: ചീഫ്‌വിപ്പ്

കൊച്ചി: കേരളത്തിലെ പോലിസ് ഉദ്യോഗസ്ഥര്‍ക്കു മനുഷ്യസ്‌നേഹത്തേക്കാള്‍ കൂടുതല്‍ മൃഗസ്‌നേഹം ആവശ്യമില്ലെന്ന് ചീഫ്‌വിപ്പ് തോമസ് ഉണ്ണിയാടന്‍. ജനസേവ സ്ത്രീരക്ഷാ സമിതിയുടെയും ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന തെരുവുനായ വിമുക്ത ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പെരുമ്പാവൂരില്‍ തെരുവുനായ്ക്കളെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്ത പോലിസ് നടപടി ശരിയല്ല. മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കു തന്റെ പിന്തുണ ഉണ്ടാവും. മൃഗങ്ങള്‍ക്ക് എതിരെയുള്ള ക്രൂരതയ്ക്ക് കേസെടുത്തവര്‍, നിയമത്തിന്റെ അന്തസ്സത്ത മനസ്സിലാക്കണമെന്നും തോമസ് ഉണ്ണിയാടന്‍ വ്യക്തമാക്കി.  എന്തുകൊണ്ടാണ് തെരുവുനായ്ക്കളെ കൊല്ലാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മടിക്കുന്നതെന്ന് മനസിലാകുന്നില്ല. ഉദ്യോഗസ്ഥര്‍ ആരെയൊക്കെയോ ആവശ്യമില്ലാതെ ഭയപ്പെടുകയാണ്. പബ്ലിസിറ്റിക്ക് വേണ്ടിയാണു ചിലര്‍ മൃഗസ്‌നേഹവുമായി മുന്നോട്ടുവരുന്നത്. സഹജീവികള്‍ പേപ്പട്ടിയുടെ കടിയേറ്റു മരിക്കുന്ന സാഹചര്യത്തില്‍ മൃഗസ്‌നേഹം പ്രകടിപ്പിക്കുന്നവര്‍ മൃഗങ്ങള്‍ക്കുള്ള വര്‍ഗസ്‌നേഹം പോലുമില്ലാത്തവരാണ്.

1960ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലും ഹൈക്കോടതി, സുപ്രിംകോടതി ഉത്തരവുകള്‍ പ്രകാരവും ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്നു നിഷ്‌കര്‍ഷിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമാണു തെരുവുനായ് ആക്രമണത്തിനു കൂടുതല്‍ ഇരയാവുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായുള്ള വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രി എന്ന നിലയില്‍ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സംരക്ഷണം നല്‍കാനാണു മേനകാഗാന്ധി ശ്രമിക്കേണ്ടത്. അല്ലാതെ മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികളുമായി ഇറങ്ങുന്നതു ശരിയല്ലെന്നും ചീഫ്‌വിപ്പ് വ്യക്തമാക്കി. താന്‍ ഇക്കാര്യങ്ങള്‍ മേനകാഗാന്ധിയെ കണ്ട് ബോധ്യപ്പെടുത്തുമെന്നും തോമസ് ഉണ്യാടന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it