Flash News

പോലിസിന് നേരിട്ടു പങ്കെന്ന് ഐജിയുടെ റിപോര്‍ട്ട്‌

കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസുദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയുടെ റിപോര്‍ട്ട്. ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ബിജുവിന് തട്ടിക്കൊണ്ടുപോവലിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് ഐജിയുടെ റിപോര്‍ട്ടില്‍ പറയുന്നു.
തട്ടിക്കൊണ്ടുപോവല്‍ മനപ്പൂര്‍വം പൂഴ്ത്തിയത് എഎസ്‌ഐയാണെന്നാണ് ഐജി അന്വേഷണത്തില്‍ കണ്ടെത്തിയത്. അന്വേഷണം അട്ടിമറിച്ചതും ബിജുവാണ്. പ്രതികളുമായി രണ്ടുതവണ ബിജു ഫോണില്‍ സംസാരിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ വിവരമറിഞ്ഞപ്പോള്‍ ബിജു മുഖ്യപ്രതി ഷാനു ചാക്കോയെ വിളിച്ച് കെവിനെ തിരിച്ച് വീട്ടിലെത്തിക്കണമെന്നു നിര്‍ദേശിച്ചു. എന്നാല്‍, കെവിന്‍ രക്ഷപ്പെട്ടെന്നായിരുന്നു ഷാനുവിന്റെ മറുപടി. തട്ടിക്കൊണ്ടുപോയ സംഭവത്തെ പോലിസ് ഗൗരവമായി കണ്ടില്ല. കാര്യങ്ങള്‍ അറിഞ്ഞിട്ടും ബിജു മേലുദ്യോഗസ്ഥരെ വിവരമറിയിച്ചതുമില്ല.
ഞായറാഴ്ച രാവിലെ ഒമ്പതുമണിക്കാണ് ഗാന്ധിനഗര്‍ എസ്‌ഐ എം എസ് ഷിബു വിവരമറിയുന്നത്. അപ്പോഴും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാതെ കുടുംബപ്രശ്‌നമാക്കി മാറ്റി. കോട്ടയം ഡിവൈഎസ്പി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിഞ്ഞില്ലെന്നു കാണിച്ച് അദ്ദേഹത്തിന് റിപോര്‍ട്ടില്‍ ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുകയാണ്. കുറ്റകൃത്യത്തില്‍ പോലിസ് നേരിട്ടു പങ്കാളിയായെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ അടങ്ങുന്ന റിപോര്‍ട്ട് ഡിജിപിക്കു കൈമാറി. അതേസമയം, എസ്‌ഐ ഷിബുവിനൊപ്പം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എഎസ്‌ഐ സണ്ണിയുടെ ഭാഗത്ത് ഗുരുതരവീഴ്ചയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സണ്ണി നടപടിക്രമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ഫോണ്‍ റിക്കാഡിങ് അടക്കമുള്ള രേഖകള്‍ പരിശോധിച്ചശേഷമാണ് പോലിസിന് ഗുരുതരവീഴ്ച പറ്റിയതായി ഐജി കണ്ടെത്തിയിരിക്കുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ പ്രതിയും എഎസ്‌ഐയുമായി നടത്തിയ സംഭാഷണം തെന്‍മലയ്ക്ക് തൊട്ടടുത്തുനിന്നായിരുന്നു. കെവിന്‍ വാഹനത്തില്‍ നിന്ന് ചാടിപ്പോയെന്നു പറഞ്ഞ് അനീഷിനോട് ഗുണ്ടാസംഘം ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ വിളിക്കാന്‍ പറഞ്ഞു. തങ്ങള്‍ സുരക്ഷിതരാണെന്നും ഉടന്‍ തിരികെയെത്തുമെന്നും പോലിസിനെ ധരിപ്പിച്ചത് ഈ ഫോണ്‍വിളിയാണ്. ഗുണ്ടാസംഘത്തിന്റെ കെണിയില്‍ വീണ പോലിസ് ഇരുവരും മടങ്ങിവരുന്നതും കാത്തിരുന്നു.
തെന്‍മല വച്ച് കെവിന്‍ അപായപ്പെട്ടെന്നു വ്യക്തമായശേഷമാണ് ഷാനുവും സംഘവും കെവിന്റെ സുഹൃത്ത് അനീഷിനെ വിട്ടയച്ചതെന്നതിനു തെളിവാണ് രണ്ടാമത്തെ ഫോണ്‍ സംഭാഷണം. ഷാനുവിന്റെ ഭീഷണിക്ക് വഴങ്ങി പരാതിയില്ലെന്ന് എഎസ്‌ഐ ബിജുവിനെ അനീഷ് വിളിച്ചറിയിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it