പോലിസിന് അഭിമാനിക്കാന്‍ വകയായി

പോലിസ് സേനയിലും രാഷ്ട്രീയത്തിലും ഭരണമണ്ഡലത്തിലും തിരഞ്ഞെടുപ്പ് വേളയിലും കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസില്‍ വിധി വന്നു. കേസന്വേഷണത്തില്‍ പോലിസിന്റെ തൊപ്പിയില്‍ തിളക്കമാര്‍ന്ന തൂവലും. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അതിക്രൂരമായ ഈ കൊലപാതകം നടന്നതു മുതല്‍ പ്രതികള്‍ക്ക്  കടുത്ത ശിക്ഷ തന്നെ വേണമെന്നു കേരളീയര്‍ ഏകമനസ്സോടെ പറഞ്ഞുകൊണ്ടിരുന്നു. വധശിക്ഷയെ എതിര്‍ക്കുന്നവര്‍പോലും അര്‍ഥഗര്‍ഭമായ മൗനം അവലംബിച്ചു. കാരണം, ജിഷയുടെ കൊലപാതകം ജനങ്ങളുടെ മനസ്സില്‍ വലിയ മുറിവുകളാണ് ഉണ്ടാക്കിയത്. ദലിത് വിഭാഗത്തില്‍പ്പെട്ട ദരിദ്ര കുടുംബത്തിലെ നിയമവിദ്യാര്‍ഥിനിയുടെ കൊല ഭരണക്കാരെ വല്ലാതെ പ്രതിസന്ധിയിലാക്കിയിരുന്നു. സമൂഹത്തിന്റെയും അയല്‍വാസികളുടെയും യാതൊരുവിധ പരിഗണനകളും ഇല്ലാതെ തീര്‍ത്തും ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഈ കുടുംബത്തിന്റെ വേദനകള്‍ പിന്നീട് പുറംലോകമറിഞ്ഞു. അതോടൊപ്പം നിയമപാലകരുടെ കുറ്റകരമായ അനാസ്ഥകളും സജീവമായ ചര്‍ച്ചയായി. ഒരു ക്രിമിനല്‍ സംഭവം ഉണ്ടായാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതു മുതല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ ബന്ധപ്പെട്ട പോലിസ് സജീവമായി ഇടപെട്ടുകൊണ്ടിരിക്കണം. കോടതിയില്‍ പ്രോസിക്യൂഷന് ആവശ്യമായ തെളിവുകള്‍ സമാഹരിച്ച് എത്തിക്കുക മാത്രമല്ല, കേസിന്റെ വിചാരണാഘട്ടത്തില്‍ അതൊക്കെ അഭിഭാഷകനെ ബോധ്യപ്പെടുത്തിക്കൊടുക്കാനും പോലിസിനു കഴിയണം. ഇതിനിടയില്‍ ഭരണം മാറിവരാം. പോലിസ് മന്ത്രിമാര്‍ മാറിവരാം. പോലിസ് തലപ്പത്ത് മാറ്റങ്ങള്‍ ഉണ്ടാവാം. കേസ് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തന്നെ മാറിയെന്നും വരാം. കേസിന്റെ അന്വേഷണത്തെയും മുന്നോട്ടുള്ള ഗതിയെയും ഇതൊന്നും ബാധിക്കാന്‍ പാടില്ല. രാഷ്ട്രീയ വിവാദങ്ങളും മാധ്യമവാര്‍ത്തകളും ചാനല്‍ ചര്‍ച്ചകളും കേസിനെ ബാധിക്കാന്‍ അവസരംകൊടുക്കരുത്. കേസുകൊണ്ട് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനു പോലിസ് കൂട്ടുനില്‍ക്കരുത്. ഇങ്ങനെയുള്ള തികച്ചും നിഷ്പക്ഷമായ നിയമപാലന സമീപനം ജിഷ കേസില്‍ നമ്മുടെ പോലിസ് സ്വീകരിച്ചിട്ടില്ല. രണ്ടു ഡിജിപിമാരുടെ നേതൃത്വത്തില്‍ രണ്ടു സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന അന്വേഷണത്തെ അന്നത്തെ പ്രതിപക്ഷം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ വോട്ടുവേട്ടയ്ക്കു വേണ്ടി ഈ കൊലപാതകം പ്രയോജനപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ അന്വേഷണം പോലിസിന്റെ വിശ്വാസ്യതയെ കാര്യമായി ബാധിച്ചു. ഇടതുമുന്നണി അധികാരത്തിലേറി പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചെങ്കിലും മുന്‍ സര്‍ക്കാരിന്റെ കാലത്തു നടന്ന അന്വേഷണംതന്നെയാണ് മുന്നോട്ടുകൊണ്ടുപോയത്. പ്രതിയെക്കുറിച്ച് മുന്‍ സര്‍ക്കാരിന്റെ കാലത്തു തന്നെ വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു.വിവാദങ്ങള്‍ കത്തിപ്പടരുമ്പോള്‍ കേസ് കേരള പോലിസിന് അഭിമാനപ്രശ്‌നമായി മാറി. കേസിലെ യഥാര്‍ഥ പ്രതിയെ പിടികൂടി പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തില്ലെങ്കില്‍ പോലിസിന് വല്ലാത്ത നാണക്കേടുണ്ടാവുമെന്ന് ഉറപ്പായിരുന്നു. ഇതൊക്കെ പരിഗണിച്ചാവാം കേസന്വേഷണം ഗൗരവമാക്കിയത്. കഴിവുറ്റ ഒരുസംഘം പോലിസുകാരുടെ കൂട്ടായ പരിശ്രമമാണ് ജിഷ വധക്കേസില്‍ പ്രതിക്ക് വധശിക്ഷ ലഭിക്കാന്‍ കാരണമായത്. പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ കെ ഉണ്ണികൃഷ്ണനും സമര്‍ഥമായി വാദിച്ചു. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത ഈ കേസ് തെളിയിക്കുക പോലിസിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയായിരുന്നു. സാഹചര്യത്തെളിവുകള്‍, ശാസ്ത്രീയ തെളിവുകള്‍, പരിശോധനാഫലങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴികള്‍, പ്രതി പോവുന്നതു കണ്ട അയല്‍വീട്ടിലെ ശ്രീലേഖ എന്ന സ്ത്രീയുടെ മൊഴി എന്നിവയുടെ അടിസ്ഥാനത്തിലാണ് പോലിസ് കുറ്റപത്രം തയ്യാറാക്കിയത്. ഈ കൃത്യം ഒറ്റയ്ക്ക് ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുന്നതല്ലെന്ന ആരോപണം തുടക്കം മുതലേ ഉയര്‍ന്നിരുന്നു. മദ്യലഹരിയില്‍ കാമവെറി പൂണ്ട അമീറുല്‍ ഇസ്്‌ലാം മാത്രമാണ് ഈ കൃത്യം ചെയ്തതെന്ന പോലിസ് നിഗമനം കോടതി അംഗീകരിക്കുകയായിരുന്നു. സ്ത്രീകളുടെ അന്തസ്സും ബഹുമാനവും ഉയര്‍ത്താന്‍ ഈ വിധി സഹായകമാവുമെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.  പൊതുസമൂഹത്തെ അങ്ങേയറ്റം വേദനിപ്പിക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങള്‍ രാഷ്ട്രീയനേട്ടത്തിന് ആരും ഉപയോഗിക്കരുതെന്ന് ഒരിക്കല്‍ക്കൂടി നമ്മെ ഈ വിധി ഓര്‍മപ്പെടുത്തുന്നുണ്ട്. ഏതെങ്കിലുമൊരു സര്‍ക്കാരിന്റെയോ ഏതെങ്കിലുമൊരു പോലിസ് മന്ത്രിയുടെയോ തലവന്റെയോ പ്രവര്‍ത്തനംകൊണ്ടു മാത്രം ഇങ്ങനെയൊരു കുറ്റപത്രം സമര്‍പ്പിക്കാനും വിധി സമ്പാദിക്കാനും ആവില്ല. നമ്മുടെ പോലിസില്‍ പ്രതിഭാശാലികളും കാര്യപ്രാപ്തിയുള്ളവരും സത്യസന്ധരും അനവധിയുണ്ട്. അത്തരക്കാരെ കേസുകള്‍ ഏല്‍പിച്ചാല്‍ പ്രതികളെ കണ്ടെത്തി കല്‍ത്തുറുങ്കിലടയ്ക്കാന്‍ കഴിയും. അതേസമയം, പോലിസ് സേനയിലെ ജനവിരുദ്ധരെയും അഴിമതിക്കാരെയും സേവപിടിത്തക്കാരെയും ഒഴിവാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുകയും വേണം.           ി
Next Story

RELATED STORIES

Share it