Flash News

പോലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി കെയുഡബ്ല്യൂജെ



തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണത്തിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചു കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമിതി. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്ന ക്രിമിനല്‍ മാനസികാവസ്ഥയിലേക്ക് ചില ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ മാറിയിരിക്കയാണെന്നും കെ യുഡബ്ലൂജെ സംസ്ഥാന സമിതി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.വാര്‍ത്ത എഴുതിയതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ വര്‍ക്കലയില്‍ കേരള കൗമുദി റിപോര്‍ട്ടര്‍ സജി ഗോപാലനെ അര്‍ധരാത്രി വീട്ടില്‍ കയറി ആക്രമിച്ചത് തനി ക്രിമിനലിസമല്ലാതെ മറ്റൊന്നുമല്ല. ഇതിനു നേതൃത്വം നല്‍കിയ പോലിസ് ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകന്റെ ബന്ധുവിനെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. ക്രിമിനലിസം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ കേസെടുക്കാന്‍ ആഭ്യന്തര വകുപ്പ് ആര്‍ജവം കാണിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.കോഴിക്കോട്ട് മനോരമ ലേഖകന്‍ ദിലീപിനെ ഭീകരമായി മര്‍ദിച്ചു പരിക്കേല്‍പിച്ച ലഹരിമരുന്ന് റാക്കറ്റ് എജന്റുമാരെന്നു കരുതുന്നവരെ സംരക്ഷിക്കാനാണ് അവിടത്തെ പോലിസ് ശ്രമിച്ചുവരുന്നത്. ജീവഹാനി സംഭവിക്കാവുന്ന രീതിയില്‍ കടുത്ത മര്‍ദനമേറ്റിട്ടും ഗൗരവമുള്ള വകുപ്പുകള്‍ ചേര്‍ത്തു കേസെടുക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ ഇതുവരെയും തയ്യാറായിട്ടില്ല. കോഴിക്കോട്ട് ലഹരിമരുന്ന് കച്ചവടക്കാരും പോലിസും തമ്മില്‍ രഹസ്യബന്ധമുണ്ടെന്നു സംശയിക്കുംവിധമാണ് അവരുടെ പെരുമാറ്റം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദിലീപിനോട് വളരെ മോശമായാണ് പോലിസ് ഇടപെട്ടത്. മുഖ്യമന്ത്രിയും ഡിജിപിയും ഇടപെട്ട് നിഷ്പക്ഷമായി കേസെടുക്കണമെന്നും സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറി സി നാരായണന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it