പോപുലര്‍ ഫ്രണ്ടിനു വിദ്യാര്‍ഥി ഐക്യദാര്‍ഢ്യം 30ന് കണ്ണൂരില്‍

കണ്ണൂര്‍: ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധവുമായി കണ്ണൂരില്‍ 30ന് വിദ്യാര്‍ഥി ഐക്യദാര്‍ഢ്യം സംഘടിപ്പിക്കുന്നു. നിരോധനംകൊണ്ട് നിശബ്ദമാക്കാന്‍ കഴിയില്ല എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി വൈകീട്ട് 4.30ന് കണ്ണൂര്‍ ചേംബര്‍ ഹാളിലാണു പരിപാടി സംഘടിപ്പിക്കുന്നതെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കുമെന്നു സംസ്ഥാന വൈസ് പ്രസിഡന്റ് അല്‍ ബിലാല്‍ സലീം പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ തകര്‍ക്കുന്ന നടപടികളാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംഘപരിവാര അജണ്ടകള്‍ കൃത്യമായി കേന്ദ്രഭരണകൂടവും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും നടപ്പാക്കുകയാണ്. ആള്‍ക്കൂട്ടം ചമഞ്ഞുള്ള ഹിന്ദുത്വ കൊലകള്‍ക്കെതിരേ നിയമപോരാട്ടത്തിന് ഇരകളെ സജ്ജമാക്കുകയും സഹായിക്കുകയും ചെയ്തതാണു ഭരണകൂടത്തിന്റെ പ്രകോപനത്തിനു കാരണമെന്നും നേതാക്കള്‍ പറഞ്ഞു.
ഐക്യദാര്‍ഢ്യ പരിപാടിയില്‍ രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന സെക്രട്ടറി വി ആര്‍ അനൂപ്, ഡോക്യുമെന്ററി സംവിധായകന്‍ രൂപേഷ് കുമാര്‍, ഗായകനും ആക്റ്റിവിസ്റ്റുമായ നാസര്‍ മാലിക്, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി പ്രദീപ് നെന്‍മാറ, ന്യൂസ്‌പോര്‍ട്ട് എഡിറ്റര്‍ അഭിലാഷ് പടച്ചേരി, ആക്റ്റിവിസ്റ്റ് മൃദുല ഭവാനി, എസ്‌ഐഒ സംസ്ഥാന കമ്മിറ്റിയംഗം മുജീബ് പാലക്കാട്, എഐഎസ്എഫ് സെക്രട്ടേറിയറ്റംഗം എം അഗേഷ്, മാധ്യമപ്രവര്‍ത്തകന്‍ ഷാജി പാണ്ട്യാല സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കാംപസ് ഫ്രണ്ട് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി എം അമീന്‍, ജില്ലാ സെക്രട്ടറി പി കെ ഉനൈസ്, വൈസ് പ്രസിഡന്റ് ഷെഹ്‌സാദ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it