Middlepiece

പോത്തന്‍ ജോസഫിനെ നിങ്ങളറിയുമോ?

വെട്ടും തിരുത്തും കഴിഞ്ഞയാഴ്ച വായിച്ച നിരവധി പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ അഭിനന്ദനസൂചകമായി സംസാരിച്ചു. കാരണം, എം പി ഗോപാലനെ അനുസ്മരിച്ചത്. തൃശൂരില്‍ നിന്ന് ജേണലിസം വിദ്യാര്‍ഥികളെന്നു പരിചയപ്പെടുത്തി വൈശാഖും ഗീതുവും വിളിച്ചു. അവര്‍ക്ക് എം പി ഗോപാലന്‍ എന്നത് കേട്ടുകേള്‍വിപോലും അല്ലായിരുന്നു. അത്തരം ജീനിയസ്സുകളെ പരിചയപ്പെടുത്തണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. നവംബര്‍ മാസമായതിനാല്‍ പ്രത്യേകിച്ചും അതിനു തുനിയുന്നു. ഒരു നവംബറില്‍ വേര്‍പിരിഞ്ഞ പോത്തന്‍ ജോസഫ് എന്ന മഹാവിസ്മയത്തിലേക്കാണ് എന്നെ ഈ കുട്ടികള്‍ എത്തിച്ചത്. പത്രാധിപന്മാര്‍ 'ഒളിച്ചിരിക്കേണ്ടവരാ'ണെന്ന ന്യൂയോര്‍ക്കര്‍ എഡിറ്ററും ഗ്രന്ഥകാരനുമായ വില്യം ഷോണിനെ അനുസ്മരിച്ചേ ഈ വെട്ടും തിരുത്തും പൂര്‍ണമാവൂ. തന്റെ പത്രത്തില്‍ എഴുതുന്നവരെ കഴുകിമിനുക്കുക മാത്രമല്ല, പത്രത്തില്‍ എഡിറ്റര്‍ എന്നതിനപ്പുറം ഓരോ കോളങ്ങളിലും, എന്തിന് സ്ഥാപനത്തിന്റെ കാന്റീന്‍ നടത്തിപ്പില്‍പോലും പത്രാധിപരുടെ കണ്ണുകള്‍ കടന്നുചെല്ലും. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഉപദേഷ്ടാക്കളിലൊരാളായി ഇന്ന് ബംഗളൂരുവില്‍ സായന്തനം ചെലവഴിക്കുന്ന ടി ജെ എസ് ജോര്‍ജ് എക്‌സ്പ്രസ് കാന്റീന്‍ നടത്തിപ്പ് ഏറ്റെടുത്തതും ലാഭകരം എന്നതിനപ്പുറം എക്‌സ്പ്രസ് സ്റ്റാഫിന് കാന്റീനിലൂടെ ഊര്‍ജം തിരികെ നല്‍കിയതും പഴയ പത്രപ്രവര്‍ത്തകര്‍ അനുസ്മരിക്കാറുണ്ട്.
40 വര്‍ഷത്തിനടുത്ത് പോത്തന്‍ ജോസഫ് വിവിധ പത്രങ്ങളുടെ ഡെസ്‌ക്കുകള്‍ ഭരിച്ചു. 'ഓവര്‍ എ കപ്പ് ഓഫ് ടീ' അടക്കം ഗാന്ധിയും നെഹ്‌റുവുമടക്കം മനീഷികള്‍ സദാ ശ്രദ്ധിച്ച കോളങ്ങളില്‍ സജീവമായി. തന്‍കാര്യം സിന്ദാബാദ് എന്ന ആധുനിക പത്രപ്രവര്‍ത്തനരീതികള്‍ ഒട്ടുമേ വശമില്ലാതിരുന്ന പോത്തന്‍ ജോസഫ് അതുകൊണ്ടുതന്നെ താന്‍ നട്ടുനനച്ചു വളര്‍ത്തിയ പത്രസ്ഥാപനങ്ങളില്‍നിന്ന് അതിദയനീയമായി പുറത്താക്കപ്പെട്ടു. ലക്ഷ്യം മഹത്തരമായിരുന്നതിനാല്‍ പോത്തന്‍ ജോസഫ് ഒന്നിലും ഖിന്നനായില്ല. പത്രങ്ങള്‍ പത്രമുതലാളിയുടെ താല്‍പ്പര്യസംരക്ഷണത്തിനുള്ള ഉപകരണമായതോടെ നശിച്ചു നാറാണക്കല്ലിട്ട ഇന്നത്തെ രീതികള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം എന്ന വിശാലാശയത്തെ തന്നെ കഴുത്തുഞെരിച്ചുകൊന്നു. സമ്മാനങ്ങളും ആമാശയം നിറയ്ക്കാന്‍ വിശിഷ്ട ഭക്ഷണങ്ങളും ലഭിക്കുമെന്നുറപ്പുള്ള പ്രസ് കോണ്‍ഫറന്‍സുകള്‍ക്ക് ട്രാഫിക് ഡ്യൂട്ടിക്കായി മേലുദ്യോഗസ്ഥര്‍ക്കു മുമ്പില്‍ ഓച്ചാനിക്കുന്ന സാദാ കോണ്‍സ്റ്റബിള്‍ നിലവാരത്തിലേക്ക് പത്രപ്രവര്‍ത്തകര്‍ എത്തിപ്പെടുമ്പോള്‍ പോത്തന്‍ ജോസഫിനെപ്പോലുള്ള മഹാവിസ്മയങ്ങളെ അനുസ്മരിക്കുന്നതുപോലും തെറ്റും കുറ്റവുമായേ വിവക്ഷിക്കപ്പെടൂ. നിസ്വനാണെന്നറിഞ്ഞിട്ടും ധാരാളിയായി ജീവിക്കുകയും അധികാരകേന്ദ്രങ്ങളുടെ യാതൊരു എച്ചില്‍ തൂണ്ടിനും മുട്ടുവളയ്ക്കുകയും ചെയ്യാത്ത ആ മഹദ് ജീവിതത്തിന് അന്ത്യംകുറിച്ചത് 1972 നവംബര്‍ രണ്ടാം തിയ്യതിയായത് യാദൃച്ഛികം. ആയതിനാല്‍ പത്രപ്രവര്‍ത്തനചരിത്രത്തില്‍ തന്നെ നവംബര്‍ 2 വിശിഷ്ടനാളുകളിലൊന്നാണ്. ഒരു മഹാപ്രസ്ഥാനത്തിന്റെ അന്ത്യം!
സകല ഉന്നതരെയും മണ്‍കാലുകളുള്ള കളിമണ്‍ ദൈവങ്ങളായി മാത്രം കണ്ടത് പോത്തന്‍ ജോസഫിന്റെ സവിശേഷതകളിലൊന്നായത് ഗാന്ധിജി പോലും ആ തൂലികയുടെ വിമര്‍ശനശരത്തില്‍നിന്ന് രക്ഷപ്പെട്ടിരുന്നില്ല എന്നതോര്‍ക്കുമ്പോഴാണ്. ഓവര്‍ എ കപ്പ് ഓഫ് ടീ എന്ന പംക്തി ഇന്നും വിദേശ ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിരന്തരം ചര്‍ച്ചചെയ്യുന്ന ഒന്നാണ്. പോത്തന്‍ ജോസഫിനെപ്പോലുള്ളവര്‍ ഒട്ടേറെ തത്ത്വങ്ങള്‍ സ്വന്തം പ്രതിഭയിലുരുക്കി സ്വാംശീകരിച്ചു. മൂല്യങ്ങളെ അദ്ദേഹമടങ്ങുന്ന തലമുറ മുറുകെ പിടിച്ചു. ഇന്നത്തെ ചില പ്രവണതകളുമായി കൂട്ടിവായിച്ചാല്‍ മൂല്യബോധമില്ലാത്ത പത്രപ്രവര്‍ത്തനം കേവലം കശാപ്പ് ബിസിനസ് മാത്രമായി തരംതാഴുന്നു. അദ്ദേഹത്തിന്റെ ജീവിതകഥയില്‍നിന്ന് പുതിയ തലമുറ ഊര്‍ജം മാത്രമല്ല, ഉശിരും കണ്ടെത്തണം. കറങ്ങുന്ന കസേരകളല്ല, മറിച്ച് നഗ്നപാദരായി അലയുന്നവര്‍ക്കാണ് 'വാര്‍ത്ത' അജ്ഞാത തെളിനീര്‍ച്ചാട്ടമായി കാത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it