thiruvananthapuram local

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം



കഴക്കൂട്ടം: വീണ്ടും കോണ്‍ഗ്രസ് പഞ്ചായത്തംഗത്തെ പ്രസിഡന്റാക്കി എല്‍ഡിഎഫ് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിര്‍ത്തി. കോണ്‍ഗ്രസ് പഞ്ചായത്തംഗവും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ എ ഷാനിഫാ ബീഗമാണ് പുതിയ പ്രസിഡന്റ്. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന ഷാനിഫാ ബീഗം കഴിഞ്ഞ ഒരു രാത്രി കൊണ്ട് കൂറുമാറിയാണ് എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി വസന്തകുമാരിയാണ് മല്‍സരിച്ചത്. ഷാനിഫാ ബീഗത്തിന് ഏഴും വസന്തകുമാരിക്ക് ആറും വോട്ടും ലഭിച്ചു. ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് ബ്ലോക്കില്‍ ഭരണം നിലനില്‍ക്കുന്നത്. യുഡിഎഫിലെ ജലജകുമാരിയായിരുന്നു ആദ്യം പ്രസിഡന്റായത്. ഒന്നരവര്‍ഷം മുമ്പ് നടന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ്സില്‍ നിന്നുള്ള ജോളി പത്രോസ് കൂറുമാറി എല്‍ഡിഎഫിനെ അനുകൂലിച്ചു. ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. തുടര്‍ന്ന് ജോളി പത്രോസിനെ പ്രസിഡന്റാക്കി എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. ഒരു മാസം മുമ്പ് ജോളി പത്രോസ് രാജിവച്ച് കോണ്‍ഗ്രസ്സിലേക്ക് മടങ്ങിപ്പോയതോടെയാണ് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് വന്നത്. ഇതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പിന് ഏതാനം മണിക്കൂറുകള്‍ മുമ്പാണ് യുഡിഎഫിന്റെ മറ്റൊരംഗത്തെ പ്രസിഡന്റാക്കി എല്‍ഡിഎഫ് ഭരണം നിലിര്‍ത്തിയത്. കൂറുമാറിയ അംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മുരുക്കുംപുഴ ഡിവഷനില്‍ നിന്നാണ് ഷാനിഫാബീഗം തിരഞ്ഞെടുക്കപ്പെട്ടത്. നിര്‍ഭയ പദ്ധതിയുടെ മുന്‍ സംസ്ഥാന കോഡിനേറ്ററായിരുന്നു.
Next Story

RELATED STORIES

Share it